1
ടോമി സാറും കുടുംബവും ്കൃഷിയിടത്തില്‍

പെരുമ്പാവൂർ: കോടനാടിലെ മലയാറ്റൂർ വില്ലേജിലെ നടുവട്ടത്തെ ടോമിയുടെയും കുടുംബത്തിന്റെയും വീട് പച്ചപ്പിനാൽ സ്വർഗമാണ്. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ കെ.പി ടോമിയും ഭാര്യയും മക്കളും ചേർന്ന് നട്ടുനനച്ച് വളർത്തി ഹരിതഭൂമിയാക്കിയ കൃഷിത്തോട്ടമാണ് ഇവിടെ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നത്. ഇതിനോട് ചേർന്ന് കോഴി,ആട് , മുയൽ ലൗവ് ബേഡ്‌സ് ഉൾപ്പെടെയുളള പക്ഷികൾ,അലങ്കാരമത്സ്യങ്ങൾ എന്നിവയുടെ ഒരു ഫാമും നിർമ്മിച്ചിരിക്കുന്നതോടെ ഇവിടം സ്വർഗമാണ്.

കാവൽക്കാരനായി ജാക്കിയെന്ന് പേരുളള വളർത്തുനായയും.
യു.പി വിഭാഗത്തിലെ അദ്ധ്യാപകനായ ടോമി കൊവിഡ് കാലത്താണ് കൃഷിയിലേക്കിറങ്ങുന്നത്. ഭാര്യ ജയ്തയും മക്കളായ മിഖിയ, മിഖിത, മിഖേല എന്നിവരും ഒപ്പം ചേർന്നതോടെ പച്ചക്കറി കൃഷിയിൽ പൊന്നു വിളഞ്ഞു. ആകെയുളള 28 സെന്റിൽ വീടും റബ്ബർ കൃഷിയായതിനാൽ പച്ചക്കറി കൃഷി ചെയ്യാൻ സ്ഥലം പരിമിതമായിരുന്നു. അതോടെ തങ്ങളുടെ അയൽവാസി തരിശായി കിടക്കുന്ന തന്റെ എട്ട് സെന്റ് സ്ഥലം പാട്ടത്തിന് നൽകാൻ തയ്യാറായി.വാഴ, കപ്പ, വെണ്ട,പയർ, നാടൻ അച്ചിങ്ങ, കൂർക്ക, പടവലം,പാവലം, മത്ത, വേപ്പ്, മുളക് തുടങ്ങിയ എല്ലാത്തരം പച്ചക്കറികളും നട്ടു പിടിപിച്ചു.വീട്ടാവശ്യം കഴിഞ്ഞുളള പച്ചക്കറികൾ പുറത്ത് വില്ക്കുകയാണ്. വിഷാംശങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ ധൈര്യമായി കഴിക്കാം. മിക്‌സഡ് ഫാമിംഗ് രീതിയിലാണ് ഇത്രയധികം കൃഷി ഇവിടെ ചെയ്തിരിക്കുന്നത്. കരിങ്കോഴി, നാടൻ കോഴി ഉൾപ്പെടെ വിവിധ ഇനങ്ങളിലായി നാൽപതോളം കോഴികളും ഫാമിലുണ്ട്.