കൊച്ചി: കേരളത്തിൽ പാമ്പുപിടിത്തത്തിന് വനംവകുപ്പ് കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരിശീലനം സിദ്ധിച്ച് ലൈസൻസ് കരസ്ഥമാക്കിയവർക്കു മാത്രമെ ഇനി പാമ്പുകളെ പിടിക്കാനും കൈകാര്യം ചെയ്യാനുമാകു.പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയ്ക്കുയാണ് ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ''സർപ്പ'' എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പുപിടുത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരിൽ കൂടുതൽ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പുപിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസപ്പെടുത്തിയാൽ അവർക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തിൽ പെരുമാറുക, പാമ്പുകളെ പ്രദർശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിൽ മാത്രമേ പാമ്പുകളെ പിടികൂടാൻ പാടുള്ളുവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാർഗരേഖയിൽ നിർദ്ദേശമുണ്ട്. അംഗീകൃത പാമ്പ് പിടുത്തക്കാർക്ക് ഗൂപ്പ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പിരിഗണനയിലാണ്.
പരിശീലനം
പാമ്പുകളുടെ വർഗീകരണം,ആവാസവ്യവസ്ഥ,ആഹാര രീതികൾ, തിരിച്ചറിയുന്ന വിധം,സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങളിൽ വനംവകുപ്പ് പരിശീലനം നൽകും.
പാമ്പു പിടിക്കാരനാകാനുള്ള പ്രായപരിധി
21 നും 65 വയസ്സിനും മദ്ധ്യേ.
മറ്റ് യോഗ്യതകൾ
പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുൻപരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുദിവസത്തെ പരിശീലനവും സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റുംനൽകും. അഞ്ച് വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികൾ, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പുപിടുത്തക്കാരുടെ സേവനം വനംവകുപ്പ് ഉപയോഗപ്പെടുത്തും.
3 വർഷത്തിനുള്ളിൽ
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവർ 334
പരിക്കേറ്റവർ 1860
''സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേർപ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അവയെ പ്രദർശിപ്പിക്കുകയും മറ്റുതരത്തിൽ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മാർഗരേഖ പുറപ്പെടുവിച്ചത്.''
:- സുരേന്ദ്രകുമാർ,
ചീഫ് വൈൽഡ്
ലൈഫ് വാർഡൻ