പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിലുള്ള റാങിയത്ത് ചിറ

പെരുമ്പാവൂർ: പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിലുള്ള റാങിയത്ത് ചിറ ശാപമോക്ഷം കാത്ത് വർഷങ്ങളായി കിടക്കുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയിലാണ് ചിറയും ചിറയോട് ചേർന്നുള്ള അനുബന്ധ സ്ഥലങ്ങളും. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസുകളിലൊന്നാണ് ഈ ചിറ. പാപ്പൻപടി, പിഷാരിക്കൽ, പടിക്കലപ്പാറ, കാവുംപുറം, തൊടാപറമ്പ്, കയ്യുത്തിയാൽ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കിണറുകളിൽ ജലനിരപ്പ് നിലനിർത്തുന്നത് ഈ ചിറയിലെ വെള്ളമാണ്.

ഉപയോഗശൂന്യമായി ചിറ

എല്ലാവർഷവും തൊഴിലുറപ്പ് തൊഴിലാളികൾ ചിറയിൽ നിന്ന് പായലുകൾ നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല. നൂറു കണക്കിന് സമീപവാസികൾ ചിറയിൽ വന്ന് കുളിക്കുകയും, വസ്ത്രങ്ങൾ കഴുകുകയും ചെയ്തിരുന്നതാണ്. ചെളിയും പായലും നിറഞ്ഞതിന് ശേഷം ആളുകൾ വരാത്ത സ്ഥിതിയായി. ചിറയിൽ പായലും പുല്ലും നിറഞ്ഞ് ക്കിടക്കുന്നതിനാൽ സമീപമുള്ള കിണറുകളിൽ വെള്ളത്തിന് കളർ മാറ്റം ഉണ്ടായിരിക്കുകയാണ്.

62 ലക്ഷം രൂപയുടെ പദ്ധതി നബാർഡിന് രണ്ട് വർഷം സമ്മർപ്പിച്ചു

ചിറയോട് ചേർന്നുള്ള വടക്ക് ഭാഗത്ത് ഏകദേശം 40 മീറ്റർ വീതിയിൽ വിശാലമായി കിടക്കുന്നഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് ഉദ്യാനം നിർമ്മിക്കാനും, ഇരിപ്പിടങ്ങൾ നിർമ്മിക്കാനും ചിറയോട് ചേർന്ന് നടപ്പാതയുണ്ടാക്കുന്നതിനും ചിറയിൽ പെഡൽ ബോട്ട് ഉൾപ്പെടെയുള്ള വിനോദ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും, ഒരു ഭാഗത്ത് നീന്തൽ പരിശീലന സൗകര്യം ഏർപ്പെടുത്തുന്നതിനും മറ്റ് വിനോദ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുഖേന 62 ലക്ഷം രൂപയുടെ പദ്ധതി നബാർഡിന് രണ്ട് വർഷം സമ്മർപ്പിച്ചിട്ടുള്ളതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മുത്തേടൻ പറഞ്ഞു.

ആദ്യഘട്ടം മന്ദഗതിയിൽ

രണ്ട് വർഷം മുൻപ് സമ്മർപ്പിച്ച പദ്ധതിയുടെ വിശദമായ പ്രൊജക്ട് നൽകണമെന്ന് നബാർഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒൻമ്പതു മാസം മുൻപ് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും നബാർഡിന് നൽകി. ചിറയുടെ സൗന്ദര്യവത്കരണത്തിന്റെയും അനുബന്ധ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെയും ആദ്യഘട്ടമെന്ന നിലയിൽ ചിറയുടെ വടക്ക് ഭാഗത്ത് സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 500 ഓളം ഫലവക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വയോജന സൗഹൃദ പകൽ വീടും, വനിത പരിശീലന കേന്ദ്രവും നിർമ്മിച്ചു. കൂടാതെ ഈ സാമ്പത്തിക വർഷത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചിറയുടെ കരയിൽ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.