വൈപ്പിൻ : പോക്ക് വരവ് സർട്ടിഫിക്കറ്റ് മിനിറ്റുകൾക്കകം ലഭ്യമായി തുടങ്ങിയതോടെ കൈക്കൂലിക്ക് പുതിയ അടവ് പയറ്റി വില്ലേജ് ഓഫീസ് ജീവനക്കാർ ! റവന്യു ഓഫീസ് രജിസ്റ്റർ (ആർ.ഒ.ആർ) സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തിയാണ് ആളുകളുടെ ക്ഷമ പരീക്ഷിക്കുന്നത്. കൊവിഡ് കാലത്തും ഓഫീസുകൾ കയറി ഇറങ്ങി ഒരു പരുവമാകുന്ന ആളുകൾ ആവശ്യപ്പെടുന്ന തുക നൽകി സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കേണ്ട ഗതികേടിലാണ്. 3000 മുതൽ മേലേക്കാണ് കൈക്കൂലി.
വസ്തുകരം അടച്ചിരുന്നതാണെന്ന് തെളിക്കുന്നതിനാണ് ആർ.ഒ.ആർ സർട്ടിഫിക്കറ്റ്. സ്ഥലം വിൽക്കുമ്പോഴും വാങ്ങുമ്പോഴും ഓൺലൈൻ പോക്കുവരവിനും ഇത് ആവശ്യമാണ്. പുതിയ ആധാരം രജിസ്റ്റർ ചെയ്ത് പോക്കുവരവിനായി സമർപ്പിക്കുമ്പോൾ തണ്ടപ്പേർ അക്കൗണ്ടിൽ കരം അടവ് പ്രകാരമുള്ള വസ്തുവാണെന്നുള്ളതിന് ആർ.ഒ.ആർ സർട്ടിഫിക്കറ്റും ഹാജരാക്കണം. എന്നാൽ മാത്രമേ പോക്ക് വരവ് സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇത് വേഗത്തിൽ നൽകാൻ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃത്യമായ രേഖകളുള്ള ഭൂമിക്ക് ക്ഷണനേരം കൊണ്ട് നൽകാവുന്ന ആർ.ഒ.ആർ സർട്ടിഫിക്ക് കൈക്കൂലിക്കായി വൈകിപ്പിച്ചാണ് ഉദ്യോഗസ്ഥർ പോക്കറ്റ് വീർപ്പിക്കുന്നത്.
വട്ടം കറക്കിയ
പോക്ക് വരവ്
ബാങ്ക് വായ്പയ്ക്ക് ഭൂമിയുടെ പോക്ക് വരവ് നിർബന്ധമാണ്. എന്നാൽ വില്ലേജ് ഓഫീസുകളിൽ നിന്ന് ആ രേഖ കിട്ടാൻ ചിലപ്പോഴൊക്കെ മാസങ്ങൾ കാത്തിരിക്കണമായിരുന്നു. സമയം വൈകിപ്പിച്ച് ഇതിൽ നിന്നും കൈക്കൂലി തട്ടുകയായിരുന്നു ചില ഉദ്യോഗസ്ഥരുടെ രീതി. ഓഫീസുകൾ കയറി ഇറങ്ങി വലഞ്ഞ ആളുകൾ ആത്മഹത്യവരെ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകൾ പതിവായതോടെയാണ് പോക്ക് വരവ് എളുപ്പത്തിൽ നൽകാൻ തീരുമാനമായത്. ഇപ്പോൾ അപേക്ഷ സമർപ്പിച്ച് ഏതാനും നിമിഷങ്ങൾക്കകം പോക്ക് വരവ് സർട്ടിഫിക്കറ്റ് ലഭിക്കും.
സാധാരണ സർട്ടിഫിക്കറ്റ് കൊടുക്കാവുന്നതേയുള്ളൂ.എന്നാൽ കൈവശ അവകാശം ഉറപ്പാക്കാൻ പരിശോധന കൂടിയെ കഴിയൂ. അപ്പോൾ കാലതാമസം വരാൻ സാദ്ധ്യതയുണ്ട്.
തഹസിൽദാർ
കൊച്ചി