കൊച്ചി: ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്രക്കാരുടെ എണ്ണം കൂടുകയാണെന്ന് കെ.എം.ആർ.എൽ അറിയിച്ചു. ഈ മാസം ഏഴിനാണ് സർവീസ് പുനരാരംഭിച്ചത്. ആദ്യദിവസങ്ങളിൽ പ്രതിദിനം ശരാശരി അയ്യായിരം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സർവീസ് ഒരാഴ്ച പിന്നിട്ടതോടെ ഇത് എണ്ണായിരമായി. സ്ത്രീകളാണ് യാത്രക്കാരിൽ കൂടുതലും. സർവീസ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ പ്രതിദിന കണക്കുകൾ പുറത്തുവിടാൻ കെ.എം.ആർ.എൽ തയാറായിരുന്നില്ല. കൊച്ചി വൺ കാർഡ് പുതുക്കുന്നതിലും ആദ്യദിവസങ്ങളിൽ തടസം നേരിട്ടിരുന്നു. പിന്നീട് ഇത് പരിഹരിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടായത്.

മെട്രോയെ ആശ്രയിച്ച് ഓഫീസിൽ പോകുന്നവരുടെ സൗകര്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുതൽ സർവീസുകൾക്കിടയിലുള്ള ഇടവേള കുറച്ചിരുന്നു. രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും ഓരോ ഏഴു മിനിറ്റിലുമാണ് നിലവിൽ മെട്രോ സർവീസ്. രാവിലെ ഏഴിനാണ് സർവീസ് തുടങ്ങുന്നത്. 8.30 വരെ പത്തു മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടുന്നുണ്ട്. രാവിലെ 11.30 മുതൽ 12 വരെയും വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെയുമുള്ള സർവീസുകൾക്കിടയിലും പത്തു മിനിറ്റും ഉച്ചക്ക് 12നും രണ്ടിനുമിടയിൽ 20 മിനിറ്റുമാണ് ഇടവേള. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ സർവീസ് നടത്തുന്നത് മെട്രോയെ ആശ്രയിച്ച് ഓഫീസിൽ പോവുന്നവരുടെയും വനിത യാത്രക്കാരുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.എം.ആർ.എൽ നടപ്പാക്കിയ സുരക്ഷ നടപടികൾ യാത്രക്കാർ പാലിക്കുന്നതിൽ സന്തോഷമുണ്ടെന്നും എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.