കൊച്ചി : സാമൂഹ്യ സുരക്ഷാമിഷനു കീഴിലുള്ള വയോമിത്രം പദ്ധതിയിൽനിന്ന് പിരിച്ചുവിട്ടതിനെതിരെ കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ഡോ. ഡി. സുരേന്ദ്രനാഥ് ഹൈക്കോടതിയിൽ ഹർജി നൽകി. 65 വയസിനുമേൽ പ്രായമുള്ള ഡോക്ടർക്ക് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായ് 30 നാണ് ഹർജിക്കാരനെ ഒഴിവാക്കിയത്. കേരളത്തിലെ നഗരപരിധിയിൽ കഴിയുന്ന 65 വയസിനു മേൽപ്രായമുള്ളവരുടെ സംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് സാമൂഹ്യനീതിവകുപ്പ് വയോമിത്ര പദ്ധതി നടപ്പാക്കിയത്. 2016 ഒക്ടോബർ ഒന്നിനാണ് ഹർജിക്കാരൻ ഇൗ പദ്ധതിയിൽ ഡോക്ടറായി ചുമതലയേറ്റത്. കഴിഞ്ഞ മാർച്ചിൽ സർവീസ് കരാർ നീട്ടിനൽകി. എന്നാൽ പിന്നീടാണ് മുതിർന്ന പൗരന്മാരെ ആരോഗ്യമേഖലയിൽ നിയമിക്കുന്നത് കൊവിഡ് നിയന്ത്രണ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്ന് കണ്ടെത്തി പിരിച്ചുവിട്ടത്. തനിക്ക് നോട്ടീസു പോലും നൽകാതെയാണ് പിരിച്ചുവിട്ടതെന്നും തിരിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.