പറവൂർ : പ്രളയബാധിതരായ ആയിരക്കണക്കിന് സാധാരണക്കാർക്കുള്ള പുനർജനി പദ്ധതി തടസപ്പെടുത്താനും ജനങ്ങളെ കബളിപ്പിക്കാനുമാണ് തനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം നടത്തിയതെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

എൻഫോഴ്സ്‌മെന്റ് ഡയക്ടറേറ്റ് മന്ത്രി ജലീലിനെയും പാർട്ടി സെക്രട്ടറിയുടെ മകനെയും ചോദ്യം ചെയ്തപ്പോൾ അന്വേഷണ ഏജൻസിയെ വിമർശിച്ച സി.പി.എം ഈ ഏജൻസി തന്നെ തനിക്കെതിരെ അന്വേഷിക്കണമെന്ന് പറയുന്നത് തമാശയാണ്. പുനർജനി പദ്ധതിയിൽ പരാതിയുണ്ടെങ്കിൽ വിജിലൻസിനെക്കൊണ്ട് അന്വേഷിക്കാൻ നിയമസഭയിൽ താൻ സംസാരിച്ചത് കേരളം മുഴുവൻ കേട്ടതാണ്. വിദേശയാത്രയെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എന്റെ പാസ്പോർട്ട് മുഖ്യമന്ത്രിയെ ഏൽപ്പിക്കാമെന്നും പറഞ്ഞിരുന്നു. എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പും പറവൂർ സഹകരണ ബാങ്കിലെ കൊള്ളയും പുറത്തുവന്നപ്പോൾ അതിൽനിന്നും തലയൂരാനാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണ് പറവൂരിലെ ചില സി.പി.എം നേതാക്കളെന്നും വി.ഡി. സതീശൻ പരിഹസിച്ചു.