തൃക്കാക്കര: മാലിന്യ സംസ്കരണത്തിന് തൃക്കാക്കര നഗരസഭക്ക് 11.1 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്‌ദീൻ പറഞ്ഞു. ആധുനിക രീതിയിൽ നവീകരിച്ച നഗരസഭ കാര്യാലയത്തിന്റെയും,കാക്കനാട് ഷോപ്പിംഗ് കോംപ്ളക്സ്-പൊതുമാർക്കറ്റ്,എം.എ.എ.എം.എൽ സ്കൂളിന്റെ പുതിയ കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിന്യ സംസ്കരണത്തിന് വേൾഡ് ബാങ്കിന്റെ സഹായത്തോടെയാണ് തുക ലഭ്യമാക്കുക.ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് കൂടുതൽ നൂതനമായ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ തൃക്കാക്കര നഗരസഭ മാതൃകയാമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക രീതിയിൽ ഓഫീസ് സമുച്ചയം നിർമ്മിച്ചതിൽ നഗരസഭയുടെ പ്രവർത്തനം മാതൃകയാണെന്ന് പി.ടി .തോമസ് എം.എൽ.എ പറഞ്ഞു.വിവിധ പദ്ധതികളുടെ ഉദ്ഘടനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പച്ഛാത്തലത്തിൽ ഓൺലൈനിലൂടെയായിരുന്നു ഉത്‌ഘാടനം.നഗരസഭ ചെയർപേഴ്സൻ ഉഷപ്രവീൺ വിവിധ പദ്ധതികളുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു.യു.ഡി.എഫിന്റെ കാലത്ത് സിഡ്‌കോക്ക് കൗൺസിൽ ഹാൾ നിർമ്മാണക്കരാർ കൊടുത്തപ്പോൾ കാണാത്ത അഴിമതി ഇപ്പോൾ ഉന്നയിക്കുന്നത് വികസനത്തെ പിന്നോട്ടടിപ്പിക്കാനാണെന്ന് നഗരസഭ വൈസ്.ചെയർമാൻ കെ.ടി.എൽദോ പറഞ്ഞു.ഷോപ്പിംഗ് കോംപ്ളക്സും മാർക്കറ്റ് നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരായ പ്രദീപിനെയും,പ്രഭുകുമാർ കാക്കനാടിനെയും പ്രശംസിച്ചു. മുൻ ചെയർപേഴ്സൻ കെ.കെ നീനു,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജിജോ ചങ്ങംതറ,എം.എം നാസർ.കൗൺസിലർമാരായ സി .പി സാജിൽ,ആന്റണി പരവര,സി.എ നിഷാദ് നിഷാബീവി,നേതാക്കളായ കെ.കെ സന്തോഷ് ബാബു,നൗഷാദ് പുതുവാൻമൂല.മുൻസിപ്പൽ സെക്രട്ടറി പി.എസ് ഷിബു.മുൻസിപ്പൽ എൻജിനിയർ സുജാകുമാരി തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫ് വിട്ടുനിന്നു
നവീകരിച്ച നഗരസഭ കാര്യാലയത്തിന്റെ ഉദ്ഘടനത്തിൽ നിന്നും യു.ഡി.എഫ് കൗൺസിലർമാരും നേതാക്കളും വിട്ടു നിന്നു.നിർമ്മാണകരാർ സിഡ്‌കോക്ക് കൊടുത്തതിൽ അഴിമതി ആരോപിച്ചായിരുന്നു യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിക്ഷേധം.എന്നാൽ യു.ഡി.എഫ് ബഹിഷ്ക്കരിച്ച യോഗത്തിൽ തൃക്കാക്കര എം.എൽ.എ പി.ടി തോമസ് പങ്കെടുക്കുകയും,നഗര സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തത് വിവാദമായി. ഷോപ്പിംഗ് കോംപ്ളക്,പൊതുമാർക്കറ്റ്,എം.എ.എ.എം.എൽ സ്കൂളിന്റെ പുതിയ കെട്ടിടം എന്നിവയുടെ ശിലാഫലകം അനാച്ഛാദന ചടങ്ങിൽ യു.ഡി.എഫ് കൗൺസിലർമാർ പങ്കെടുത്തു