കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പു സ്റ്റേചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പു നടത്താൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നുതെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും റിട്ടേണിംഗ് ഒാഫീസർ ഉൾപ്പെടെ അറിയിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിൾബെഞ്ച് തള്ളിയത്.
എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിനെതിരെ കൊല്ലം റീജിയണിലെ ട്രസ്റ്റ് അംഗമായ പട്ടത്താനം സ്വദേശി എൽ. വിനയകുമാർ നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സെപ്തംബർ 18, 26, ഒക്ടോബർ 7, 8 തീയതികളിലായാണ് എസ്.എൻ ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പിന് അനുമതി നൽകിയ സർക്കാർ ഉത്തരവും ഇതേത്തുടർന്നുള്ള വിജ്ഞാപനങ്ങളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ് ഹർജിക്കാരൻ ഉന്നയിച്ചത്. തിരഞ്ഞെടുപ്പു തീയതി നിശ്ചയിക്കേണ്ടത് ട്രസ്റ്റ് ബോർഡാണെന്നിരിക്കെ റിട്ടേണിംഗ് ഒാഫീസർ കൊല്ലം എസ്.എൻ കോളേജിനു പുറമേ മറ്റു കേന്ദ്രങ്ങൾ നിശ്ചയിച്ചത് അധികാരപരിധി മറികടന്നാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പു നടത്താൻ സർക്കാർ അനുമതി നൽകിയതെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതെന്നും എസ്.എൻ ട്രസ്റ്റിനുവേണ്ടിയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടിയും ഹാജരായ അഡ്വ. എ.എൻ. രാജൻബാബു വ്യക്തമാക്കി. പത്തു റീജിയണുകളിൽ എട്ടിലും മത്സരം തന്നെയില്ലെന്നും തിരഞ്ഞെടുപ്പു നടപടികൾ അവസാന ഘട്ടത്തിലെത്തിനിൽക്കെ ഹർജി ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെയും റിട്ടേണിംഗ് ഒാഫീസറുടെയും വാദങ്ങൾ കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പു നടപടി സ്റ്റേചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളിയത്.