1
എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ പുതിയ ഓഡിറ്റോറിയ സമർപ്പണ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗത്തെ തളർത്താൻ ആഗ്രഹിക്കുന്നവരാണ് യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ അടിസ്ഥാനരഹിതവും അനാവശ്യവുമായ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ പുതിയ ഓഡിറ്റോറിയ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ എസ്.എൻ.ഡി.പി യോഗവും അനുബന്ധ സംഘടനകളും കൈവരിച്ച വളർച്ച അസൂയാവഹമാണ്. സമുദായത്തിന് സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതി സൃഷ്ടിക്കാനും ഇത് ഉപകരിച്ചു. സമുദായവിരുദ്ധരും ജനപിന്തുണയില്ലാത്തവരുമായ ഏതാനുംപേരാണ് യോഗത്തിനും എസ്.എൻ.ട്രസ്റ്റിനുമെതിരെ വർഷങ്ങളായി വ്യവഹാരങ്ങൾ നടത്തുകയും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും ശ്രമിക്കുന്നത്.

ജനാധിപത്യ രീതിയിൽ സംഘടനയിൽ പ്രവർത്തിക്കാനുള്ള ശക്തിയോ കഴിവോ ഇല്ലാത്തവരുടെ ശ്രമങ്ങൾ പരാജയപ്പെട്ട ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുളളു. അതൃപ്തരായ ഈ സംഘമാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവിധ കേസുകളുമായി മുന്നോട്ടുവരുന്നത്. ഒന്നിൽപോലും അനുകൂലവിധി നേടാൻ ഇവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അധികാരമോഹികളും സ്വാർത്ഥ താത്പര്യക്കാരുമായ ഇക്കൂട്ടരെ സമുദായാംഗങ്ങൾ തിരിച്ചറിയും. ഇവരുടെ ശ്രമങ്ങൾ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ടി. എൽദോ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ്, ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ്ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.എൻ. രാജൻ, നഗരസഭാ കൗൺസിലർ ലിജി സുരേഷ്, സൈബർസേനാ കൺവീനർ സുധീർകുമാർ ചോറ്റാനിക്കര, അശോകൻ നെച്ചിക്കാട്ട്, സജീഷ് സിദ്ധാർത്ഥൻ, കെ.ടി. ശശി, മഹേഷ്‌ എം.എം, ഷാൽവി ചിറക്കപ്പടി, പ്രശാന്ത് അമ്പാടി, ഷാജി എൻ.ആർ, പ്രകാശൻ കാളങ്ങാട്ട്, അഭിലാഷ് എം.ബി, പ്രവീൺ കെ.ബി, ടി.എസ്. പുഷ്പരാജ്, ശിവദാസൻ എ.കെ, വിജു പി.കെ, രതി ഉദയൻ, മിനി അനിൽകുമാർ, പ്രസന്ന സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.