കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ വിചാരണക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സാക്ഷികളെ സ്വാധീനിച്ചു മൊഴിമാറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ചാണ് പ്രോസിക്യൂഷൻ നടൻ ദിലീപിനെതിരെ അപേക്ഷ നൽകിയത്. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രോസിക്യൂഷൻ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇതിൽ നടൻ ദിലീപിനോടു കോടതി വിശദീകരണം തേടിയിട്ടുണ്ട്. അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.
മുകേഷിനെ വിസ്തരിച്ചു
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ നടനും എം.എൽ.എയുമായ മുകേഷിനെ ഇന്നലെ വിചാരണക്കോടതി വിസ്തരിച്ചു. ഒന്നാംപ്രതിയായ പൾസർ സുനി കുറേക്കാലം മുകേഷിന്റെ ഡ്രൈവറായിരുന്നു. 2017 ലാണ് പ്രതികൾ നടിയെ ആക്രമിച്ചത്. തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽവന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. തുടരന്വേഷണത്തിൽ നടൻ ദിലീപിന്റെ നിർദേശപ്രകാരമാണ് പ്രതികൾ കുറ്റം ചെയ്തതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റുചെയ്തിരുന്നു.