കൊച്ചി : ഫീസടച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥികളെ ഒാൺലൈൻക്ളാസിൽനിന്നു പുറത്താക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ആലുവ മണലിമുക്ക് സെന്റ് ജോസഫ് പബ്ളിക് സ്കൂളിലെ ഏഴു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി 23 ന് വീണ്ടും കോടതി പരിഗണിക്കും. സംഭവത്തിൽ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കക്ഷികളോടു വിശദീകരണം തേടിയ സിംഗിൾബെഞ്ച് ഫീസ് എന്നു നൽകാൻ കഴിയുമെന്ന വിവരം അറിയിക്കാൻ ഹർജിക്കാരോടും നിർദേശിച്ചിട്ടുണ്ട്.
530 കുട്ടികളാണ് സ്കൂളിലുള്ളത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ഒാൺലൈൻ ക്ളാസുകളായതോടെ കുട്ടികൾക്ക് ലാപ് ടോപ്പ് ഉൾപ്പെടെ വാങ്ങേണ്ടിവന്നു. രക്ഷിതാക്കൾക്ക് തൊഴിൽ നഷ്ടമായതും വരുമാനംകുറഞ്ഞതും തിരിച്ചടിയായി. സ്കൂൾഫീസിനു പുറമേ 5,500 രൂപ അടയ്ക്കാനും അധികൃതർ നിർദേശിച്ചെന്നും ഫീസ് ഇളവിനായി അപേക്ഷ നൽകിയെങ്കിലും നിരസിച്ചെന്നും ഹർജിയിൽ പറയുന്നു. സെപ്തംബർ 14 നകം ഫീസ് അടച്ചില്ലെങ്കിൽ ക്ളാസിൽനിന്ന് പുറത്താക്കുമെന്ന് നോട്ടീസും നൽകി. തുടർന്നാണ് കുട്ടികളെ ക്ളാസിൽനിന്ന് പുറത്താക്കിയതെന്നും ഹർജിയിൽ പറയുന്നു.