tomy-sir-and-family

പെരുമ്പാവൂർ: കോടനാടിന് തന്നെ സമീപത്തുളള മലയാറ്റൂർ വില്ലേജിലെ നടുവട്ടം എന്ന സ്ഥലത്തെത്തിയാൽ ഇവിടം സ്വർഗമാണ് ചിത്രത്തിലെ മോഹൻലാലിനെയാണ് ഓർമ്മ വരിക. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ കെ.പി ടോമിയും ഭാര്യയും മക്കളും ചേർന്ന് നട്ടുനനച്ച് വളർത്തി ഉദ്യാനം പോലെയുളള കൃഷിത്തോട്ടമാണ് ഇവിടെ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നത്. കൃഷി മാത്രമല്ല, കോഴി, ആട്, മുയൽ ഈ കുടുംബം ഓമനിച്ച് വളർത്തുന്ന ലവ് ബേഡ്‌സ് ഉൾപ്പെടെയുളള പക്ഷികൾ, വളർത്തു മൃഗങ്ങൾ, അലങ്കാരമൽസ്യങ്ങൾ എന്നിവ വേറെയും. ഇതിനെല്ലാം കാവൽക്കാരനായി ജാക്കി എന്ന ഇവരുടെ ഓമന വളർത്തുനായയും.

കൊവിഡ് കർഷകനാക്കി
യു.പി അദ്ധ്യാപകനായ ടോമിയ്ക്ക് കൊവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് മണ്ണിലിറങ്ങി പണിയെടുക്കാൻ ആഗ്രഹമുദിക്കുന്നത്. ചെറുപ്പം മുതൽ കൃഷിയോട് താൽപര്യമുളള ടോമിയ്ക്ക് ലോക്ക്ഡൗൺ അവസരം നൽകി. ഭാര്യ ജയ്തയും മക്കളായ മിഖിയ, മിഖിത, മിഖേല എന്നിവരും ഒപ്പം ചേർന്നതോടെ തലമുറകൾ ചേർന്ന് പൊന്നുവിളയിപ്പിക്കാമെന്ന് ടോമി തെളിയിച്ചു. കൃഷി ചെയ്യാൻ ആവശ്യത്തിന് സ്വന്തമായി സ്ഥലം ഇല്ലെന്നുളളത് വെല്ലുവിളിയായിരുന്നു. ആകെയുളള 28 സെന്റിൽ വീടും റബ്ബർ കൃഷിയുമാണ്. ടോമിയുടെ നിരാശകൾക്ക് വിരാമമിട്ട് അയൽവാസി തരിശായി കിടക്കുന്ന തന്റെ എട്ട് സെന്റ് സ്ഥലം പാട്ടത്തിന് നൽകാൻ തയ്യാറായി. വാഴ, കപ്പ, വെണ്ട, പയർ, നാടൻ അച്ചിങ്ങ, കൂർക്ക, പടവലം, പാവലം, മത്തൻ, വേപ്പ്, മുളക് തുടങ്ങിയ എല്ലാ പച്ചക്കറികളും നട്ടു പിടിപ്പിച്ചു. ഒരാളെ പോലും പുറത്ത് നിന്നും പണിക്ക് വിളിക്കാതെ മാസങ്ങൾ കൊണ്ട് ടോമിയും കുടുംബവും ചേർന്ന് വിളവെടുത്തു. വീട്ടാവശ്യം കഴിഞ്ഞുളള പച്ചക്കറികൾ പുറത്ത് വിൽക്കുകയാണ്. വിഷാംശങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ ധൈര്യമായി കഴിക്കാം.

എല്ലാം ഒരു ഭൂമിയിൽ

മിക്‌സഡ് ഫാമിംഗ് രീതിയിലാണ് ഇത്രയധികം കൃഷി ഇവിടെ ചെയ്തിരിക്കുന്നത്. സ്വന്തം ഫാമിൽ മക്കളെ പോലെ വളർത്തുന്ന ആട്, കോഴി, മുയൽ എന്നിവ കൃഷിക്ക് ആവശ്യമായ ജൈവവളം നൽകുന്നു. ഇതുപയോഗിച്ചാണ് കൃഷി. കരിങ്കോഴി, നാടൻ കോഴി ഉൾപ്പെടെ വിവിധ ഇനങ്ങളിലായി നാൽപതോളം കോഴികൾ മാത്രമുണ്ട് ഫാമിൽ. തിലോപ്പിയ, തിപ്പല,വാള, തിയാന, പോളികാർപ്പസ് തുടങ്ങിയ വിവിധയിനം മത്സ്യങ്ങൾ വേറെയും. സ്‌കൂൾ തുറന്നാൽ പുസ്തകത്തിലെ പാഠങ്ങൾ മാത്രമല്ല, കൃഷിരീതികൾ കൂടി വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുമെന്ന തീരുമാനത്തിലാണ് ടോമി.