മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. ചൊവാഴ്ച ഉച്ചയ്ക്ക് ആർ.ടി.ഒയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽദോ എബ്രഹാം എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ വ്യാപാരകേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയായി നിജപ്പെടുത്തി. ഹോട്ടൽ, പെട്രോൾ പമ്പ്, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ സമ്പൂർണ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കൊവിഡ് പരിശോധന വേഗത്തിലാക്കാൻ നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ കൂടി പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാനും, ഒപ്പം മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കാനും തീരുമാനമായി. ഇതോടൊപ്പം എഫ്.എൽ.ടി.സികളുടെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ മികവുറ്റത്തക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ആർ.ഡി.ഒ.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ്, ജനറൽ ആശുപത്രി സുപ്രണ്ട് ആശ വിജയൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, എന്നിവരും യോഗത്തിൽ പങ്കെടുത്തു.