prostate

കൊച്ചി: മുതിർന്ന പുരുഷൻമാരിലെ ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബി.പി.എച്ച് (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അതിവികസനം) നെ കുറിച്ച് മലയാളി​കൾക്ക് വേണ്ടത്ര അവബോധമില്ലെന്ന് വിദഗ്ദ്ധർ. മൂത്രം പോകുന്നതിനുള്ള തടസമാണ് ഇതിന്റെ പ്രധാന ലക്ഷണം. പകൽ കൂടെക്കൂടെ മൂത്രം ഒഴിക്കണമെന്ന തോന്നൽ, മൂത്രം ഒഴിക്കുവാൻ വേണ്ടി രാത്രി പലതവണ ഉറക്കം ഉണരൽ, മൂത്രം ഒഴിച്ചു തുടങ്ങാൻ വിഷമം, ദുർബലമായ അല്ലെങ്കിൽ നിർത്തിയും വീണ്ടും തുടങ്ങിയുമുള്ള മൂത്രത്തിന്റെ ഒഴുക്ക്, മൂത്രം മുഴുവനായി മൂത്രാശയത്തിൽ നിന്നും ഒഴിച്ചു കളയാൻ സാധിക്കാതിരിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകളും ഈ രോഗം ഉള്ളവരിൽ കാണുന്നു.

40 നുമേൽ പ്രായമുള്ള പുരുഷന്മാരിൽ 65 ശതമാനം പേരും ഈ പ്രശ്നങ്ങൾ കൊണ്ടു വലയുന്നവരാണെന്ന് വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റായ ഡോ. ഡാറ്റ്‌സൺ ജോർജ് പറഞ്ഞു.

തക്ക സമയത്ത് ചികിത്സിക്കാതിരുന്നാൽ ഇടയ്ക്കിടെ മൂത്രം കെട്ടിനിൽക്കൽ, മൂത്രം പോകാതിരിക്കൽ മൂലമുള്ള വേദന, മൂത്രനാളിയിലെ അണുബാധ, മൂത്രത്തിൽ ചോര, കല്ലുുകൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയും പിടിപെടാം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴവൻ കത്തീറ്റർ ഇടുകയും ഡയാലിസിസ് നടത്തുകയും വേണ്ടി വന്നേക്കാം.

പ്രോസ്റ്റേറ്റിൽ മാത്രം ഉൽപാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീൻപദാർത്ഥമാണ് പി.എസ്.എ (പ്രോസ്റ്റേറ്റ്‌സ്‌പെസിഫിക് ആന്റിജെൻ) . പ്രോസ്റ്റേറ്റിന്റെ വലിപ്പം കൂടുമ്പോൾ പി.എസ്.എയുടെ അളവും വർദ്ധിക്കും. രോഗം സങ്കീർണ്ണമായാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യേണ്ട അവസ്ഥയെത്തും.

രോഗം അകറ്റാം

മികച്ച ചികിത്സ, ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം എന്നിവയിലൂടെ രോഗത്തെ പ്രതിരോധിക്കാം. ,

രോഗാവസ്ഥയെയും ലഭ്യമായ ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഈ മാസം പ്രോസ്റ്റേറ്റ് ആരോഗ്യ ബോധവത്കരണ മാസമായി ആചരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് www.whatarelief.in