മൂവാറ്റുപുഴ: സംസ്ഥാനത്ത് വയോജനങ്ങൾക്ക് മാത്രമായി ഒരുക്കുന്ന പ്രത്യേക മാനസികോല്ലാസ കേന്ദ്രങ്ങളിൽ ആദ്യത്തേത് മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത്. ഇതിനായി 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വ്യക്തമാക്കി. സംസ്ഥാന വയോജന ക്ഷേമപദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങൾക്ക് മാത്രമായി വയോജന പാർക്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ഭാവിയിൽ മറ്റ് സ്ഥലങ്ങളിലേക്കും വയോജന പാർക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പാർക്കിന് വേണ്ടി സ്ഥലം ഒരുക്കൽ, പാർക്കിന്റെ സൗന്ദര്യവത്ക്കരണം, ടോയ് ലറ്റ് ബ്ലോക്ക്, ഓപ്പൺ ഫൗണ്ടൻ, പൂന്തോട്ട നിർമ്മാണം, സിമന്റ് ബെഞ്ച് നിർമ്മാണം എന്നിവയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.