കൊച്ചി: സ്ഥാനാർത്ഥി മോഹികളെല്ലാം കടുത്ത സമ്മർദ്ദത്തിലാണ്. പട്ടികജാതി , വനിത സംവരണത്തിനായി സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമോയെന്ന വേവലാതിയിലാണ് എല്ലാ രാഷ്‌ട്രിയ പാർട്ടികളിലെയും നിയുക്ത സ്ഥാനാർത്ഥികളെ സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുന്നത് .തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചി കോർപ്പറേഷനിലെ സംവരണ ഡിവിഷനുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 30 ന് രാവിലെ പത്തിന് എറണാകുളം നോർത്ത് ടൗൺഹാളിൽ നടക്കും.

# കൊച്ചി കോർപ്പറേഷനിൽ ആകെ 74 ഡിവിഷനുകൾ

ഇതിൽ 37 എണ്ണം വനിത സംവരണ ഡിവിഷനുകൾ

അവശേഷിക്കുന്നത് ജനറൽ സീറ്റുകൾ

3 എസ്.സി ഡിവിഷനുകൾ ( ഇതിൽ രണ്ടെണ്ണം വനിത സീറ്റിലും ഒരെണ്ണം ജനറൽ സീറ്റിൽ നിന്നും മാറ്റിവയ്ക്കും )

ഉറക്കമില്ല രാവുകൾ

2010, 2015 വർഷങ്ങളിൽ എസ്.സി സംവരണമായിരുന്ന ആറു ഡിവിഷനുകളെ ഒഴിവാക്കിയാണ് ഇത്തവണ നറുക്കെടുപ്പ് നടത്തുന്നത്. തങ്ങൾ കണ്ടു വച്ചിരിക്കുന്ന സീറ്റ് സംവരണ സീറ്റാകുമോയെന്ന ഭീതിയിൽ ദിവസങ്ങൾ എണ്ണിയാണ് ഓരോ സ്ഥാനാർത്ഥിമോഹിയും തള്ളിനീക്കുന്നത്.

# 2010 ലെ എസ്.സി സംവരണ ഡിവിഷനുകൾ

വൈറ്റില ജനത(52 ) പൊന്നുരുന്നി( 53) തേവര(59 ജനറൽ)

# 2015 അതായത് നിലവിലെ എസ്.സി.സംവരണ ഡിവിഷനുകൾ

പള്ളുരുത്തി തറേഭാഗം (12) പൊറ്റക്കുഴി(72) പുതുക്കലവട്ടം (34 ജനറൽ)

37 വനിതാ സീറ്റുകളിൽ നാലെണ്ണം എസ്.സി സ്ത്രീകൾക്ക് മാറ്റിവയ്ക്കും. ജനറൽ സീറ്റിൽ നിന്ന് രണ്ടെണ്ണം പട്ടിക ജാതി പുരുഷ സ്ഥാനാർത്ഥികൾക്ക് അവകാശപ്പെട്ടതാണ്.

# സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി

നിലവിലെ വനിത സീറ്റുകളെല്ലാം ഇത്തവണ ജനറലും, ജനറൽ സീറ്റുകൾ വനിത സംവരണവുമായി മാറും. കഴിഞ്ഞ തവണ പല കാരണങ്ങളാൽ അവസരം നിഷേധിക്കപ്പെട്ടവരെല്ലാം ഇത്തവണ എങ്ങനെയും ഒരു സീറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. കൊച്ചി നഗരസഭയിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ ആർക്കും എവിടെയും മത്സരിക്കാം. എങ്കിലും വിജയസാദ്ധ്യത മുന്നിൽ കണ്ട് സ്വന്തം പ്രദേശത്തു തന്നെ സീറ്റ് ലഭിക്കാനാണ് എല്ലാ രാഷ്ട്രിയക്കാരും ആഗ്രഹിക്കുന്നത്.

# വോട്ടേഴ്സ് ലിസ്റ്റ് ഹിയറിംഗ്

തുടരുന്നു

ഓൺലൈനിലൂടെ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിന് അപേക്ഷ നൽകിയവരുടെ ഹിയറിംഗ് ഇപ്പോൾ നടന്നുവരികയാണ്. വയസ്, ഐ.ഡി തെളിയിക്കുന്ന രേഖകൾ ഓൺലൈനായി നൽകാം.