high-couiirt

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഫീസടയ്ക്കാത്തതിന്റെ പേരിൽ ഒാൺലൈൻ ക്ലാസുകൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി ആൽബർട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്കൂളുകൾ ഒാൺലൈൻ ക്ലാസുകളാണ് നടത്തുന്നതെങ്കിലും സ്പെഷ്യൽ ഫീസ് ഉൾപ്പെടെയുള്ളവ രക്ഷിതാക്കളിൽ നിന്നീടാക്കുന്നുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഒാൺലൈൻ ക്ലാസുകളുടെ ട്യൂഷൻ ഫീസ് എത്രയെന്നു വിലയിരുത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും പണം നൽകാത്ത കുട്ടികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലകളിൽ ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി തീർപ്പാകുംവരെ ഫീസ് പിരിക്കുന്നത് സ്റ്റേചെയ്യണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം. ഹർജി 22ന് വീണ്ടും പരിഗണിക്കും.