thariyan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുവന്നൂർ യൂണിറ്റ് കൺവെൻഷനും, വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നെടുമ്പാശേരി മേഖലയിൽ അനധികൃതമായി നടത്തുന്ന വഴിയോര കച്ചവടങ്ങൾ തടയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് വാടകനൽകി വ്യാപാരംചെയ്യുന്ന ചെറുകിട വ്യാപാരികൾ കെട്ടിടവാടകപോലും കൊടുക്കാനാകാതെ പ്രതിസന്ധിയിലാണ്. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

ആദ്യഘട്ടത്തിൽ ചെറിയ രീതിയിൽ തുടങ്ങിയ വഴിയോരക്കച്ചവടങ്ങൾ ഇപ്പോൾ ഭക്ഷ്യപദാർത്ഥങ്ങൾ, പഴങ്ങൾ, പച്ചക്കറി, തുണിത്തരങ്ങൾ, സ്റ്റേഷനറി തുടങ്ങി സൂപ്പർമാർക്കറ്റുകൾ പോലെയായി. ഇതോടെ ചെറുകിട വ്യാപാരമേഖല തകരുകയാണ്. ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ലൈസൻസ് ഉൾപ്പെടെ പുതുക്കുവാൻ വ്യാപാരികൾ തയ്യാറാകില്ല. സമിതി നെടുവന്നൂർ യൂണിറ്റ് കൺവെൻഷനും വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.എസ്. ഇളയത് അദ്ധ്യക്ഷനായിരുന്നു. മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, ട്രഷറർ ഷാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.