പെരുമ്പാവൂർ : ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഓൺലൈനിലൂടെ തുടക്കമിട്ടു. അഡ്മിനിസ്‌ട്രേറ്റീവ്, ലൈബ്രറി ബ്ലോക്കും ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയതായി നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
6.15 കോടി രൂപ അനുവദിച്ച മെക്കാനിക്കൽ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. പുതിയ ഇലക്ട്രോണിക് ബ്ലോക്ക് നിർമ്മാണത്തിനായി 5 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭ്യമായിട്ടുണ്ട്. മണ്ണ് പരിശോധന പൂർത്തിയായി. രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എം.എൽ.എ ഫണ്ടിൽനിന്ന് കമ്പ്യൂട്ടർ ലാബിലേക്ക് 50 ലാപ്‌ടോപ്പുകളും നൽകിയതുൾപ്പെടെ 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പെരുമ്പാവൂർ സർക്കാർ പൊളിടെക്‌നിക്ക് കോളേജിൽ നടപ്പിലാക്കുന്നത്.
ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ്, പഞ്ചായത്തംഗം സ്റ്റെല്ല സാജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജു ബായി ടി.പി, സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ. ശശികുമാർ, പ്രിൻസിപ്പൽ കെ.എം. രമേശ്, പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് ഇ.ആർ, സ്റ്റാഫ് സെക്രട്ടറി മണിരാജ് പി.എസ് എന്നിവർ സംസാരിച്ചു.