കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച, എ.ബി.വി.പി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ മഹിളാമോർച്ച പ്രവർത്തകർ കയറി. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. ചെറുത്തുനിൽപ്പ് തുടർന്നതോടെ ബലമായി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു.

മാർച്ച് ബി.ജെ.പി സംസ്ഥാനസെക്രട്ടറി ടി.പി. സിന്ധുമോൾ ഉദ്ഘാട‌നം ചെയ്തു. നേതാക്കളായ രമാദേവി, രേണു സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്‌ണൻ, സി.വി. സജിനി, ലേഖ നായ്‌ക് തുടങ്ങിയവർ പ്രസംഗിച്ചു.