കൊച്ചി: കൊച്ചി ജല മെട്രോയുടെ എട്ട് ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി ആരംഭിച്ചതായി കെ.എം.ആർ.എൽ അറിയിച്ചു. എലൂർ, ചേരാനെല്ലൂർ, സൗത്ത് ചിറ്റൂർ, കൊച്ചി പോർട്ട് ട്രസ്റ്റ് ഫെറി, കുമ്പളം, കടമക്കുടി, മുളവുകാട് നോർത്ത്, പാലിയാംത്തുരുത്ത് എന്നിവയാണ് നിർമ്മാണം തുടങ്ങിയ ടെർമിനലുകൾ. ഏലൂരിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി അൽക്കേഷ് കുമാർ ശർമ്മ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ടെർമിനലുകളുടെ നിർമ്മാണം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കും. കൊച്ചിയുടെ ഗ്രാമപ്രദേശങ്ങളെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ എട്ടു ടെർമിനലുകൾ. നേരത്തെ എട്ടു ടെർമിനലുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇതോടെ നിർമ്മാണത്തിലിരിക്കുന്ന ടെർമിനലുകളുടെ എണ്ണം 16 ആയി.
ഏകദേശം 2500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ ടെർമിനലും നിർമിക്കുന്നത്. യാത്രക്കാർക്ക് എല്ലാ അത്യാധുനിക സൗകര്യങ്ങളും ടെർമിനലുകളിൽ ഉറപ്പാക്കും. കൂൾ ഹോംസ് ബിൽഡേഴ്‌സിനാണ് നിർമ്മാണ ചുമതല.78 കിലോമീറ്ററിൽ കൊച്ചിയിലെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിക്കുന്നതാണ് ജലമെട്രോ. 747.28 കോടിയുടേതാണ് പദ്ധതി. രണ്ടു ഘട്ടങ്ങളിലായി 15 വ്യത്യസ്ത പാതകളും 38 സ്റ്റേഷനുകളുമുണ്ടാകും. ജല മെട്രോക്കുള്ള അത്യാധുനിക ബോട്ടിന്റെ നിർമ്മാണം കഴിഞ്ഞ 24ന് കൊച്ചി കപ്പൽശാലയിൽ തുടങ്ങിയിരുന്നു. നൂറു പേർക്ക് സഞ്ചരിക്കാവുന്ന ഹൈബ്രിഡ് ഇലക്ട്രിക്കൽ പാസഞ്ചർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യ ബോട്ട് നീറ്റിലിറക്കും. ഒന്നാംഘട്ടം പൂർത്തിയാക്കി 2019 ഏപ്രിലിൽ ജലമെട്രോ സർവീസ് തുടങ്ങുമെന്നായിരുന്നു കെ.എം.ആർ.എല്ലിന്റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് പലതവണ മാറി. ഏറ്റവുമൊടുവിൽ ഈ വർഷം അവസാനത്തേക്ക് പ്രഖ്യാപനം വന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ സർവീസ് തുടങ്ങാൻ ഇനിയും വൈകും.