ആലുവ: നാണയം വിഴുങ്ങിയ കുട്ടി ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കാത്ത പശ്ചാത്തലത്തിൽ മാതാവ് നന്ദിനി ജില്ലാ പട്ടികജാതി, പട്ടികവർഗ വിജിലൻസിനെ സമീപിക്കും. കളക്ടറാണ് പട്ടികജാതി, പട്ടികവർഗ വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ ചെയർമാൻ.
മരണമടഞ്ഞ പൃഥ്വിരാജിൻെറ മാതാവ് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ തുടരുന്ന സത്യാഗ്രഹം 20 -ാം ദിവസത്തിലേക്ക് കടന്നു. പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ ഐക്യദാർഢ്യയോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് സാജുമോൻ വട്ടേക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എം. മോഹനൻ, വൈസ് പ്രസിഡന്റ് പി.കെ. ബാബു, സെക്രട്ടറി രമേശ് കൊച്ചുമുറി, ജില്ലാ പ്രസിഡന്റ് എൻ.എം. രവി, ബി.ജെ.പി നേതാക്കളായ എം.എൻ. ഗോപി, കെ.ജി. ഹരിദാസ്, എ. സെന്തിൽകുമാർ എന്നിവർ പങ്കെടുത്തു.