ആലുവ: മണപ്പുറം റോഡിൽ പെരിയാറിനോട് ചേർന്ന് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയവരാണ് മണപ്പുറം റോഡിൽ മഴവിൽ റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ കടവിൽ 55 വയസോളം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്. വെളുത്ത നിറം. കറുത്ത പാന്റ്‌സും ഷർട്ടുമാണ് വേഷം. കടവിലെ ചവിട്ടുപടിയിൽ രക്തം തളംകെട്ടിക്കിടപ്പുണ്ട്. പുലർച്ചെ മരണം സംഭവിച്ചതാകാനാണ് സാദ്ധ്യത. സമീപത്തെ ഫ്‌ളാറ്റിൽനിന്നുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കടവിൽ തലയടിച്ച് വീണതാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ആലുവ സി.ഐ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.