പറവൂർ : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ഓൺലൈൻ നാഷണൽ കോൺഫറൻസ് സമാപിച്ചു. മഹാരാഷ്ട്ര സെന്റ്ട്രൽ ഇന്ത്യ കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പൽ ഡോ. ഉഷോഷി ഗുഹയും തമിഴ്‌നാട് കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. കെ. ബിജുവും മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. പാനൽ ചർച്ചകളിൽ കേരള സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. ആർ.എൽ. ബിന്ദു മോഡറേറ്ററായി. പൂനെ തിലക് കോളേജ് ഒഫ് എഡ്യൂക്കേഷൻ അദ്ധ്യാപിക ഡോ. മാധുരി ഇസാവേ, സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫീസർ ഡോ. എ.കെ. അനിൽകുമാർ, പാലാ സെന്റ് തോമസ് കോളേജ് അദ്ധ്യാപകൻ ഡോ. ടി.സി. തങ്കച്ചൻ എന്നിവർ വിഷയാവതരണം നടത്തി. ഡോ പി.എസ്. സുസ്മിത, കെ.പി. സുധ, ഡോ. റിനു വി ആന്റണി, വി.കെ. സരിത, ഡോ. എ.എസ്. സുനീതി എന്നിവർ പ്രബന്ധാവതാരക പരിചയങ്ങൾ നടത്തി.
സമാപന സമ്മേളനത്തിൽ കേരള സർവകലാശാല വിദ്യാഭ്യാസവിഭാഗം മുൻ അദ്ധ്യാപികയും ഡീനും കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജുമെന്റിന്റെ ദേശീയ ഉപാദ്ധ്യക്ഷയുമായ ഡോ. എം.എസ്. ഗീത മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.എം ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, കോൺഫറൻസ് കോ ഓഡിനേറ്റർ ഡോ. എ.ബി. ലയ, എംഎഡ് വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻനായർ, ഐക്യു.എ.സി കോ ഓഡിനേറ്റർ ഡോ. കെ.ആർ. സീജ എന്നിവർ സംസാരിച്ചു.