കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സി.ബി.എസ്.ഇ മേഖലയ്ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ നാഷണൽ കൗൺസിൽ സെക്രട്ടറി ഇന്ദിര രാജൻ പ്രതിഷേധിച്ചു. സി.ബി.എസ്.ഇ സ്കൂളുകളിലെ ഓൺലൈൻ ക്ളാസുകളും ഫീസടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭൂരിപക്ഷം സ്കൂളുകളും ഫീസിളവുകളും ഗഡുക്കളായി അടയ്ക്കുന്നതിന് സൗകര്യവും നൽകിയിട്ടും 50 ശതമാനം ഫീസടവ് മാത്രമേ നടന്നിട്ടുള്ളു. ഇതോടെ വിദ്യാർത്ഥികളിൽ നിന്നു ലഭിക്കുന്ന ഫീസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഫീസടക്കാൻ ബുദ്ധിമുട്ടുള്ള രക്ഷിതാക്കളോട് എപ്പോൾ ഫീസടക്കാൻ കഴിയുമെന്ന് രേഖാമൂലം എഴുതി വാങ്ങണമെന്നാണ് കോടതി നിർദ്ദേശം. കോടതി ഉത്തരവിന്റെ ഒരു വരി മാത്രം പരാമർശിച്ച് രക്ഷിതാക്കളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇന്ദിര രാജൻ കുറ്റപ്പെടുത്തി. വർക്കിംഗ് പ്രസിഡന്റ് ഇ.രാമൻകുട്ടി, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, എന്നിവർ സംസാരിച്ചു.