നെടുമ്പാശേരി: 50 ദിവസം 50 പദ്ധതികളുടെ ഉദ്ഘാടനങ്ങളുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ആദ്യ ഘട്ട ഉദ്ഘാടനവും പദ്ധതികളുടെ പ്രഖ്യാപനവും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ ഓൺലൈൻ ആക്കുന്ന ഐ.എൽ.ജി.എം.എസ് സംവിധാനം, തേർക്കാട് റോഡ്, വേളാങ്കണ്ണിമാത കപ്പേള റോഡ്, എരുമ്മക്കാരിപറമ്പ് കോളനി റോഡ്, മഠത്തിതറ റോഡ്, പുത്തൻതോട് കുളിക്കടവ് റോഡ്, 1.5 കോടി രൂപയുടെ കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, മുതുകാട് റോഡ്, പാലാടൻ റോഡ്, വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് വിതരണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സി.യു. ജബ്ബാർ, പി.വി. തോമസ്, ടി.കെ അജികുമാർ, സി.എം. വർഗ്ഗീസ്, രതി സാബു, പി.എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.