കൊച്ചി: കാൻസർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ജോലികൾ മേയ് 18 നു പുനരാരംഭിച്ചിരുന്നു. രണ്ടു ബ്ലോക്കുകളുടെ അവശേഷിക്കുന്ന പ്രവൃത്തികളും ദ്രുതഗതിയിൽ മുന്നേറുകയാണ്.
മൂന്നു ലോവർ ഗ്രൗണ്ട് നിലകളും മുകളിലേക്ക് അഞ്ചു നിലകളുമുള്ള എ,ബി ബ്ലോക്കുകളുടെ പ്ലാസ്റ്ററിംഗ്, ഫ്‌ളോറിംഗ്, പെയിന്റിംഗ് ജോലികൾക്ക് പുതിയ സമയക്രമം തയ്യാറാക്കി.
നിലവിൽ 164 തൊഴിലാളികളെയാണ് കരാറുകാരനായ പി.ആൻഡ്.സി നിയോഗിച്ചിട്ടുള്ളത്. ക്വാറന്റീനിൽ പ്രവേശിച്ച 39 തൊഴിലാളികൾ കൊവിഡ് പരിശോധനക്ക് ശേഷം ജോലിയിൽ പ്രവേശിക്കും. മധുരയിൽ നിന്ന് 100 പേരെ കൂടി എത്തിക്കാനും കമ്പനി ആലോചിക്കുന്നു.
ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. റേഡിയോതെറാപ്പി ഉപകരണങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി ഇൻകെൽ ജില്ലാ കളക്ടറെ അറിയിച്ചു. മറ്റുള്ളവയുടെ ടെൻഡർ വിശദാംശങ്ങളും തയ്യാറാക്കി വരികയാണ്. ആശുപത്രിയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആർക്കിടെക്ടിനെ നിയോഗിക്കുന്ന കാര്യം കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇൻകെൽ ചർച്ച ചെയ്യും.