വൈപ്പിൻ: കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന മുനമ്പത്തെ മത്സ്യബന്ധനബോട്ടുടമകൾക്കെതിരെയും പ്രേരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പൊലീസിനെ സമീപിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കൊവിഡ് അപ്രതീക്ഷിതമായി വർദ്ധിക്കാൻ ഇടയായത് മുനമ്പം മത്സ്യമേഖലയുമായി ബന്ധപ്പെട്ടാണെന്നും സമീപകാലത്തുണ്ടായ 78 പോസിറ്റിവ് കേസുകളിൽ 53 കേസുകളുടെയും ഉറവിടം മത്സ്യമേഖലയുമായി ബന്ധപ്പെട്ടാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.ആരോഗ്യം,പൊലീസ് റിപ്പോർട്ടുകൾ പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളകളക്ടറുടെ 9.9.20 ലെ കണ്ടെയ്‌മെന്റ് സോൺ പ്രഖ്യാപനം കണക്കിലെടുത്തും 14.9.20 ൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കൂടിയ ആർ.ആർ.ടി മോണിറ്ററിംഗ് സമിതി തീരുമാനങ്ങൾ പരിഗണിച്ചുമുള്ള തുടർനടപടികൾ പാലിക്കുന്നതിന് ബോട്ടുടമകൾ ജാഗ്രത പാലിക്കുന്നില്ല. നിയമാനുസൃത ക്വാറൻൈയ്ൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉൾപ്പെടെയുള്ള മാനദണഡങ്ങളും പാലിക്കുന്നില്ല. കൊവിഡ്‌പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിലുംസഹകരിക്കുന്നില്ല. ഇതിന്റെ ഫലമായി മുനമ്പം മേഖലയിൽ കൊവിഡ്‌ കേസുകൾ വർധിച്ചു. തൊഴിലാളികളുടെ ഉപജീവനവും തൊഴിലുടമകളുടെ വ്യവസായവും നിലനിർത്തെണ്ടത് അത്യാവശ്യമാണെങ്കിലും പ്രഥമ പരിഗണന മനുഷ്യജീവൻ നില നിർത്തുന്നതിനായിരിക്കണം.ബോട്ടുകൾ കടലിലേക്ക് ഇറങ്ങുന്നതിനുള്ള തിയതിക്ക് മുൻപ് തന്നെ നൂറോളം ബോട്ടുകൾ കടലിലേക്ക് പോയിട്ടുണ്ടെന്നും കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നുള്ളവരും അല്ലാത്തവരുമായി സംഘം ചേർന്നാണ് കടലിലേക്ക് പോയതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. പൊലീസ് നിരോധിച്ചിട്ടുള്ള സ്ഥാപനങ്ങളെയും പാതകളേയും ദുരുപയോഗം ചെയ്തുകൊണ്ട് ബോട്ടുകളിലേക്കുള്ള സാധനസാമഗ്രികൾ, ഐസ്, ഇന്ധനം, തൊഴിൽ സാമഗ്രികൾ എന്നിവ എത്തിച്ചിട്ടുണ്ട്. ഏഷ്യ വൻകരയിലെ ഏറ്റവും ജനസാദ്രതയേറിയ വൈപ്പിനിൽ ഗുരുതരമായ രോഗവ്യാപനത്തിനും മരണങ്ങൾക്കും കൊവിഡ്‌പ്രൊട്ടോക്കോൾ ലംഘനങ്ങൾ വഴിയൊരുക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നത്. കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആരോഗ്യവകുപ്പ് അവശ്യപ്പെട്ടു.