rameez

കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രതി അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് എറണാകുളത്തെ അഡി. സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. ഇൗ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ രജിസ്റ്റർചെയ്ത കേസിലും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർചെയ്ത കേസിലും പ്രതിയായതിനാൽ റമീസിനു ജയിൽ മോചിതനാകാൻ കഴിയില്ല.

ജൂലായ് 12 നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. രണ്ടുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.

 കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കാം

നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ പി.എസ്. സരിത്ത് ഉൾപ്പെടെ കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാദ്ധ്യതയുണ്ട്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതു തന്നെയാണ് കാരണം. അതേസമയം സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എയാണ് അറസ്റ്റുചെയ്തത്. പിന്നീടാണ് കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റപത്രം നൽകാൻ കസ്റ്റംസ് വൈകുന്തോറും ഇവർക്കും ജാമ്യത്തിന് അർഹത ലഭിക്കും.