കൊച്ചി: മന്ത്രി ജലീലിനെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയുടെ വിശദീകരണത്തിന് പിന്നാലെ ചോദ്യംചെയ്യലിന്റെ വിവരങ്ങൾ തേടി എൻ.ഐ.എ സംഘം ഇ.ഡി ഓഫീസിലെത്തി. ജലീൽ നൽകിയ മൊഴികളാണ് വിശദമായി പരിശോധിക്കുന്നത്. ഇതോടെ ജലീലിനെ എൻ.ഐ.എയും ചോദ്യംചെയ്യുമെന്ന് ഉറപ്പായി.
നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. ജലീലിന്റെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതിനാൽ വീണ്ടും ചോദ്യംചെയ്യാൻ ഇ.ഡിയും തീരുമാനിച്ചിട്ടുണ്ട്.
സ്വപ്ന, സന്ദീപ് നായർ എന്നിവരുടെ മൊബൈൽഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് മായ്ച്ചുകളഞ്ഞ തെളിവുകൾ എൻ.ഐ.എ വീണ്ടെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കസ്റ്റംസും ഇ.ഡിയും ചോദിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതോടെ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എൻ.ഐ.എ. ഇതിനു ശേഷമായിരിക്കും ജലീലിനെയും ലൈഫ് ഭവനപദ്ധതി കമ്മിഷനുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി പുത്രൻ, മറ്റൊരു മന്ത്രി എന്നിവരെയും ചോദ്യംചെയ്യുക.
സ്വപ്നയ്ക്കൊപ്പം സെൽഫി: അന്വേഷണം ക്രൈംബ്രാഞ്ചിന്
തൃശൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്തതിന് വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. വനിതാ പൊലീസുകാരെ പണിഷ്മെന്റ് റോൾ പട്ടികയിൽപെടുത്തി. കോടതി നടപടി ക്രമം പോലെ അന്വേഷണ ഉദ്യോഗസ്ഥന് ഇവരെ വിളിച്ചു വരുത്തുകയും സംഭവത്തെക്കുറിച്ച് വിചാരണ നടത്തി സാക്ഷികളെ വിളിച്ചു വരുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകന്നതാണ് പണിഷ്മെന്റ് റോൾ. ഇതിൽ പൊലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കുന്ന തരത്തിൽ ഇവരുടെ ഭാഗത്ത് എന്തെങ്കിലും കുറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്യാം.
തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എ.സി.പിയെയാണ് ചുമതലപ്പെടുത്തിയത്. സ്വപ്ന തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ആറു വനിതാ പൊലീസുകാർ സെൽഫിയെടുത്തത്. ഗുരുവായൂർ, കുന്നംകുളം സബ് ഡിവിഷനിൽപ്പെട്ട പൊലീസുകാർക്കെതിരെയാണ് നടപടി.
വനിതാ പൊലീസുകാരിയുടെ ഫോണിലായിരുന്നു ചിത്രമെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങിയെത്തിയ വനിതാ പൊലീസുകാർ ചിത്രം സഹപ്രവർത്തകർക്കു കാണിച്ചു കൊടുത്തു. വിഷയം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞു. ഉടനെ വനിതാ പൊലീസുകാരെ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും കമ്മിഷണർ നൽകി. ഒരേസമയം, മൂന്നു വനിതാ പൊലീസുകാരാണ് ഡ്യൂട്ടിയിൽ. ഡ്യൂട്ടി കൈമാറുന്നതിനിടെയാണ് ആറു പേർ ഒന്നിച്ചു സെൽഫിയെടുത്തത്.