കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങളും പുതിയ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഇനി മുതൽ ചീഫ് സെക്രട്ടറി അടങ്ങുന്ന മൂന്നംഗ സമിതി നിരീക്ഷിക്കും. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് തീരുമാനം. ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, അർബൻ ഡെവലപ്‌മെന്റ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പ്ലാന്റിൽ സ്വകീരിച്ച നടപടികൾ എല്ലാ മാസവും റിപ്പോർട്ടാക്കി സൂക്ഷിക്കണം. ഇവ സംയോജിപ്പിച്ച് 2021 ജനുവരിയിൽ നടക്കുന്ന സിറ്റിംഗിൽ ചീഫ് സെക്രട്ടറി സ്വന്തം നിലയിൽ അഫിഡബിറ്റ് കോടതിയിൽ സമർപ്പിക്കണം.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കടമ്പ്രയാറിനെ മലിനമാക്കുന്നു എന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡും (പി.സി.ബി) കൊച്ചി കോർപ്പറേഷനും സ്വീകരിച്ച നടപടികൾ ട്രിബ്യുണൽ വിലയിരുത്തി. 2019 ജനുവരിയിൽ ട്രിബ്യൂണലിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾക്ക് മീതേ വീണ്ടും മാലിന്യങ്ങൾ തള്ളുകയാണെന്നാണ് സമിതി കണ്ടെത്തിയിരുന്നു.കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്ന് ഊറുന്ന മലിനജലം സംസ്‌കരിക്കുന്നതിനായി ലീച്ചറ്റ് പ്ലാന്റ് നിർമ്മിക്കാത്തതിന് 13.3 കോടി രൂപ പിഴ നൽകാൻ കോർപ്പറേഷനോട് ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു.
അന്ന് ലീച്ചറ്റ് പ്ലാന്റ് നിർമ്മിക്കുന്നതിനും പുതിയ മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നതിനും കോർപ്പറേഷൻ വിവിധ നടപടികൾ കൈക്കൊള്ളാമെന്ന് തീരുമാനം എടുത്തു എങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിനാൽ പുതിയ പ്ലാന്റ് പണിയാൻ പൊതു മേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്ലാന്റിലെ നടത്തിപ്പിൽ വീഴ്ച വരുത്തിയ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പി.സി.ബി ചെയർമാൻ നിർദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷനെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകാനും പി.സി.ബി തീരുമാനിച്ചു.