മൂവാറ്റുപുഴ: പള്ളിച്ചിറങ്ങരയിൽ സർക്കാർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം രാത്രിയിൽ പൊളിച്ചുമാറ്റിയവരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു . വർഷങ്ങളായി നിലനിൽക്കുന്ന കെട്ടിടമാണ് രാത്രിയുടെ മറവിൽ എറിഞ്ഞ് തകർത്തത്. പരിസ്ഥിതി ദിനത്തിൽ പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി നട്ടിരുന്ന മാവിൽ തൈകളും പിഴുതെറിഞ്ഞു. എം. സി. റോഡ് സൈഡിൽ പള്ളിച്ചിറക്ക് സമീപത്തായിട്ടുള്ള സർക്കാർ വക ഭൂമിയും കെട്ടിടവും സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യത്തോടെയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയിട്ടുള്ളത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുവാൻ കാലങ്ങളായി ശ്രമിക്കുന്നു. പൊതു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ആർക്കും കൈവശപ്പെടുത്തുവാൻ കഴിയാതിരിക്കുന്നത് . മൂവാററുപുഴ - പെരുമ്പാവൂർ എം.സി റോഡ് സെെഡിലായി ലക്ഷങ്ങൾ വിലവരുന്ന 16സെന്റോളം സ്ഥലം അനാഥമായി കിടക്കുകയാണ്. സർക്കാർ രേഖകളിൽ കെട്ടിടത്തിന്റേയും, സ്ഥലത്തിന്റേയും അവകാശി പൊതുമരാമത്തു വകുപ്പാണ്.സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകൾ തിരിച്ച് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്ന് റവന്യൂ വകുപ്പിനും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നൽകിയെങ്കിലും നടപടിയില്ല. ആരെയോ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് ലൈബ്രറി ഭാരവാഹികൾ പറയുന്നു. ഇതിനോട് ചേർന്ന് പായിപ്ര പഞ്ചായത്തിന്റെ അഥീനതയിലായി ഒന്നരയേക്കറോളംവരുന്ന സ്ഥലത്ത് പള്ളിച്ചിറങ്ങര ചിറയും സ്ഥിതിചെയ്യുന്നുണ്ട്.ഒരു പ്രദേശത്തിന്റെ വികസനത്തിന് മുതൽകൂട്ടാകുന്ന കണ്ണായ സ്ഥലത്തുള്ള കെട്ടിടവും , ചെടികളും തകർത്ത് സ്ഥലം കൈയ്യടക്കുവാൻ ശ്രമിക്കുന്ന വരെ കണ്ടെത്തുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജീർണാണാവ സ്ഥയിലായ കെട്ടിടവും സ്ഥലവും കൈയ്യേറ്റക്കാരിൽ നിന്നു സംരക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടി പൊതുമരാമത്തു വകുപ്പോ , റവന്യു വകുപ്പോ സ്വീകരിക്കണമെന്ന് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ് ആവശ്യപ്പെട്ടു .