മൂവാറ്റുപുഴ: ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മക്കാബി ഡയറക്‌ടർ യൂഹാനോൻ റമ്പാച്ചൻ തുടരുന്ന ഉപവാസ സമരം 29 ദിവസം പിന്നിടവെ, സമരത്തിന് ഐക്യദാർഢ്യവുമായി നടത്തിയ പ്രാർത്ഥനാ യജ്ഞത്തിനു നേരെ പൊലീസ് നടപടി. പ്രാർത്ഥനാ യജ്ഞത്തിനായി കെട്ടിയിരുന്ന പന്തൽ ബലം പ്രയോഗിച്ച് പൊളിച്ചുമാറ്റിയ പൊലീസ് മക്കാബി ജനറൽ സെക്രട്ടി അഡ്വ. ബോബൻ വർഗീസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ആരോഗ്യനില വഷളായ റമ്പാച്ചന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാവിലെ 10 മുതൽ വൈകിട്ട് ആറു മണിവരെ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്താനായിരുന്നു മക്കാബിയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ തീരുമാനം. പൊലീസ് സംഘമാണ് ബലം പ്രയോഗിച്ച് പന്തൽ പൊളിച്ചത്. തടയാൻ ശ്രമിച്ച മക്കാബി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഭാ നേതൃത്വങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ഇടതു സർക്കാരും പൊലീസും നടത്തുന്ന മർദ്ദന നടപടികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, ചർച്ച് ആക്ട് നടപ്പിലാക്കുന്നതുവരെ സമരം അതിശക്തമായി തുടരുമെന്നും മക്കാബി ജനറൽ സെക്രട്ടറി അഡ്വ. ബോബൻ വർഗീസ് പറഞ്ഞു.