# കുട്ടമ്പുഴ വനമേഖലയിലെന്ന് സൂചന

നെടുമ്പാശേരി: നെടുമ്പാശേരി സിയാൽ കൊവിഡ് ചികിത്സാകേന്ദ്രത്തിൽനിന്ന് മുങ്ങിയ പോക്‌സോ കേസിലെ റിമാൻഡ് പ്രതിക്കായി നെടുമ്പാശേരി, കുട്ടമ്പുഴ പൊലീസ് സംയുക്ത അന്വേഷണം തുടങ്ങി. കുട്ടമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്ന മാമലകണ്ടം എലമ്പലശേരിക്കുടി പാറക്കൽ മുത്തു രാമകൃഷ്ണനാണ് (20) ചൊവ്വാഴ്ച വൈകിട്ട് പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും വെട്ടിച്ച് സി.എഫ്.എൽ.ടി.സിയിൽ നിന്ന് രക്ഷപെട്ടത്.

കുട്ടമ്പുഴയിലെ ഉൾവനത്തിൽ പ്രതി ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. അതിനാൽ കുട്ടമ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് നെടുമ്പാശേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മറ്റ് കൊവിഡ് രോഗികൾക്കൊപ്പമാണ് ഇയാൾ ഉൾപ്പെടെയുള്ള നാല് റിമാൻഡ് പ്രതികളെയും കിടത്തിയിരുന്നത്. 250 മീറ്റർ മാറി എട്ട് പൊലീസുകാരും ഇവർക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നു. മൂത്രമൊഴിക്കാൻ എന്ന വ്യാജേന കട്ടിലിൽ നിന്നിറങ്ങിപ്പോയ പ്രതി പിൻവശത്തെ വാതിലിലൂടെ പുറത്തുകടക്കുകയായിരുന്നുവെന്നാണ് വിവരം.

ചികിത്സാസെന്ററിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുമായി ഓട്ടോറിക്ഷയിൽ കോതമംഗലത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.