sathar

ആലുവ: നായകനായും ഉപനായകനായും വില്ലനായുമെല്ലാം മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആലുവക്കാരുടെ സ്വന്തം സത്താറിക്ക എന്ന സത്താർ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. നാല് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ അവസാനമായി അഭിനയിച്ചത് 2014ൽ പുറത്തിറങ്ങിയ 'പറയാൻ ബാക്കി വെച്ചത്' എന്ന സിനിമയായിരുന്നു.

എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സത്താർ 1976ൽ അലോഷ്യസ് വിൻസന്റ് സംവിധാനം ചെയ്ത 'അനാവരണത്തി'ലൂടെ നായകനായി. നിത്യഹരിത നായകൻ പ്രേംനസീർ, മധു എന്നിവർക്കൊപ്പവും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

1978ൽ ആറ് ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1979ൽ 16 ചിത്രങ്ങളിൽ വേഷമിട്ട് ശക്തമായ സാന്നിധ്യമായി. ഉപനായക/ സഹനായക വേഷങ്ങളിൽ നന്നായി തിളങ്ങിയ സത്താർ സോളോ ഹീറോയായി തുടക്കകാലത്ത് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പട്ടില്ല. നായക വേഷത്തിൽ നിന്നും അവസാനകാലത്ത് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റിയിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്നുംവിട്ടു നിന്ന സത്താർ 2012ൽ '22 ഫീമെയിൽ കോട്ടയം' എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. തമിഴ്, തെലുങ്ക് ഭാഷകളിലും ഉൾപ്പെടെ 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയ കാലത്ത് സമകാലികരായിരുന്ന എല്ലാവരോടും ഹൃദ്യമായ സൗഹൃദം സൂക്ഷിച്ചിരുന്നു.