അങ്കമാലി: രണ്ട് പതിറ്റാണ്ടായി നിലച്ച് പോയ ഹെൽത്ത് സബ്‌സെന്ററിന് പുതിയ മന്ദിരമായി. പരേതനായ പാലാട്ടികൂനത്തൽ തോമ കൊച്ചു വറീത് എന്നയാൾ അരനൂറ്റാണ്ട് മുമ്പ് സൗജന്യമായി നൽകിയ പത്ത് സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് സബ്‌സെന്റർ മൂക്കന്നൂർ, തുറവൂർ, അയ്യംമ്പുഴ പഞ്ചായത്തുകളിലെ ശങ്കരൻകുഴി, മൂലേപ്പാറ, താബോർ, എടലക്കാട്,മഞ്ഞിക്കാട്, കുറ്റിപ്പാറ, ചുള്ളി, ചീനംചിറ, ഒലിവ്മൗണ്ട് എന്നീ മലയോരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. മൂക്കന്നൂർ പഞ്ചായത്തിനോളം പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായതോടെ ഹെൽത്ത് സെന്റർ പ്രവർത്തനം നിലച്ചു. മൂക്കന്നൂർ പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും സഹകരിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം 33 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതം 10 ലക്ഷവും 2018 ലെ മഹാപ്രളയത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഉത്തരേന്ത്യയിലെ രാജ്യസഭാംഗങ്ങൾ അനുവദിച്ച എം.പി. ഫണ്ട് 20 ലക്ഷവും ചേർത്ത് 63 ലക്ഷം രൂപ ചിലവഴിച്ച് ഹെൽത്ത് സെന്ററിനോടൊപ്പം വയോജന ക്ലബ്ബിനുള്ള സൗകര്യത്തോട് കൂടി രണ്ട് നിലകളിലായി മൂവായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മന്ദിരത്തിന്റെ നിർമമാണമാണ് പൂർത്തിയായത് . ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് 3.30 ന് ബെന്നി ബഹനാൻ എം.പി.നിർവഹിക്കും.