road

മൂവാറ്റുപുഴ: പരാതി നൽകിയിട്ടും ഫലമില്ല. വെങ്ങല്ലൂർ-ഊന്നുകല്ല് റോഡിലെ തൈമറ്റം കവല മുതൽ നാഗപ്പുഴ റോഡ് തകർന്ന് തരിപ്പണമായി. ഒന്നര കിലോ മീറ്റർ റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. അമിത ഭാരം കയറ്റിയ ടോറസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നത് മൂലമാണ് റോഡ് ഈ വിധം തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രധാനപാത തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളയിട്ടും ഇതുവരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ ഉയർത്തി യൂത്ത് ഫ്രണ്ട് സമരത്തിലേക്ക് നീങ്ങുകയാണ്.

റോഡ് തകർന്നതോടെ ഇരുവശവും ഇടിഞ്ഞു. കുമാരമംഗംലം - കല്ലൂർക്കാട് പ‌ഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മരിയൻ തീർത്ഥാടന കേന്ദ്രമായ ഗാഗപ്പുഴ പള്ളിയിലേക്കും, ശാന്തിക്കാട് ദേവീ ക്ഷേത്രത്തിലേക്കും പോകുവാനുള്ള ഏക വഴിയും ഇതു തന്നെയാണ്. തകർന്ന റോഡിലൂടെ ഇടതടവില്ലാതെ അമിത ഭാരം കയറ്റിയ ടോറസുകൾ കടന്നുപോകുന്നത് പതിവാണ്.

ഇതിലൂടെയുള്ള ലോറികളുടെ ഓട്ടം തടഞ്ഞ് റോഡ് സഞ്ചാര യോഗ്യമാക്കുവാൻ ആവശ്യമായ നടപടികൈകൊള്ളണമെന്നും യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം കുമാരമംഗലം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം അപ്പച്ചൻ ഓലിക്കരോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കുമാര മംഗലം മണ്ഡലം പ്രസിഡന്റ് ജോഷി കൊന്നക്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ ജിംറ്റി ജോർജ്ജ് തൈമറ്റം , ആന്രോവർഗാസ്, ഷിന്റോപൗലോസ്, ഉണ്ണി മാറാട്ടിൽ തോമസ് ജോൺ , ജുബിൻ ജോസ് , ജോമോൻ ജോസഫ് എന്നിവർ സംസാരിച്ചു.