കോലഞ്ചേരി: മീനിനു പൊന്നു വില. ചാളയും, അയലയും, കിളി മീനും വി.ഐ.പി യായി ഡബിൾ സെഞ്ച്വറി ക്ളബ്ബിൽ ഇടം പിടിച്ചു. വിവിധ ഹാർബറുകൾ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്മെന്റ് സോണിലായതും, കടൽ പ്രക്ഷുബ്ദമായതോടെ ബോട്ടുകൾ കടലിൽ ഇറങ്ങാത്തതുമാണ് വിലയെ സർവകാല റെക്കോഡിലെത്തിച്ചത്. മത്തി വില ഇരുനൂറു കടന്ന് മുന്നൂറിലേയ്ക്ക് അടുക്കുന്നു. ഉൾപ്രദേശങ്ങളിൽ വില്പനയ്‌ക്കെത്തുമ്പോൾ വില വീണ്ടും കൂടും. കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന മത്സ്യം കർശന പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങിയതോടെ, മീൻവരവ് കുറഞ്ഞതും വില വർദ്ധനവിന് കാരണമായി. ഇത്തരത്തിൽ മത്തിയുടെ വരവും കുറഞ്ഞു. പ്രധാനമായി മത്സ്യങ്ങളെത്തുന്നത് തമിഴ്‌നാട്, മുനമ്പം, കൊയിലാണ്ടി, മംഗലാപുരം ഹാർബറുകളിൽ നിന്നാണ്. മീൻവില ഉയർന്ന അവസരം മുതലാക്കി, നഗരത്തിലെ ചില ഹോട്ടലുകൾ അമിതവില ഈടാക്കുന്നുണ്ട്. പൊരിച്ച ഒരു അയക്കൂറ കഷണത്തിന് 130 മുതൽ 150 രൂപ വരെയാണ് വില.
ആന്ധ്രയിൽ നിന്നും കേരയും, ചൂരയുമെത്തുന്നുണ്ട് പക്ഷെ അതിനോട് മത്സ്യാഹരികൾക്ക് അത്ര പ്രിയമില്ല. നാളുകൾ ഫ്രീസ് ചെയ്താണ് അത്തരം മീനുകൾ എത്തുന്നത്. നീണ്ടകര ഹാർബറിൽ മീനെത്തുന്നുണ്ട്, മറ്റെവിടെയും മീനില്ലാത്തതിനാൽ അവരും നല്ല വിലയ്ക്കാണ് നല്കുന്നത്. മുനമ്പത്ത് വഞ്ചിക്കാരുടെ മീനുണ്ട് വില ഇരട്ടിയാണെന്നു മാത്രം. ഇരുനൂറിലധികം ബോട്ടുകൾ ഇറങ്ങിയിട്ടുണ്ട് ഇത് തിരിച്ചെത്തുന്നതോടെ മത്സ്യം ആവശ്യത്തിന് വിപണിയിലെത്തും.
വില ഉയരാൻ കാരണം മുനമ്പം ഹാർബർ അടച്ചത്
മുനമ്പം ഹാർബർ അടച്ചതാണ് ഇത്ര കണ്ട് വില ഉയരാൻ കാരണം. രണ്ടാഴ്ചയ്ക്കിടെ മിക്ക മീനുകൾക്കും 25 ശതമാനത്തിലധികം വില കൂടി. 120 രൂപയിൽ താഴെ മാത്രമായിരുന്നു മത്തി വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയലയ്ക്ക് രണ്ടാഴ്ച കൊണ്ട് നൂറുരൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നെയ്മീൻ, ആവോലി, നത്തോലി, പിലോപ്പി, വറ്റ, ചെമ്മീൻ എന്നിവയ്ക്കും വില കൂടി.21 ന് മുനമ്പം ഹാർബർ തുറക്കുന്നതോടെ മത്സ്യ ലഭ്യത കൂടി വില കുറയുമെന്ന് മുനമ്പത്തെ പ്രമുഖ മൊത്ത വ്യാപാരിയായ വരുൺ ഡിക്സൺ പറഞ്ഞു.
ഇന്നലത്തെ മത്സ്യ വില
മത്തി 240
അയല 260
കിളിമീൻ 240
മുള്ളൻ 380
മഞ്ഞ വറ്റ 420
ആവോലി വൈറ്റ് 700
കരിമീൻ 650
ചൂര 200
കേര 300
നെയ്മീൻ 680
കറുത്ത ആവോലി 600