വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടുന്ന ദീപ്തിയുടെ കഥ
കുറുപ്പംപടി: ഒന്നു മനസുവച്ചാൽ, ആവുന്നൊരു സഹായം ചെയ്താൽ പാവപ്പെട്ട ഒരു കുടുംബത്തിന് രക്ഷയാകും. ഒരു കുഞ്ഞിന് അമ്മയെ കിട്ടും. വൃദ്ധമാതാപിതാക്കൾക്ക് മകളെയും.
വൈദ്യുതി പോയിട്ട് പഞ്ചായത്ത് നമ്പർ പോലുമില്ലാത്ത ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ അച്ഛനമ്മമാർക്കും കുഞ്ഞുമകനുമൊപ്പം ഇല്ലായ്മയുടെ നടുവിൽ കഴിയുന്ന ദീപ്തിക്ക് വൃക്കമാറ്റിവയ്ക്കൽ ചെലവ് സങ്കല്പിക്കാനേയാവില്ല.
ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുമ്പോൾ ചികിത്സയും പ്രതിസന്ധിയിലാണ്. നാട്ടുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് ആഴ്ചയിൽ രണ്ട് ഡയാലിസിലൂടെ ജീവൻ നിലനിറുത്തുന്നത്. രായമംഗലം അറുന്നൂറ്റിയാറിൽ പുത്തിനക്കുടി ശശിയുടെയും അംബികയുടെയും മകളാണ് ദീപ്തി. ഭർത്താവ് വിജയകുമാർ ചെന്നൈയിലെ ഒരു വീട്ടിലെ ഡ്രൈവറാണ്. അവിടെയായിരുന്നു ദീപ്തിയും അഞ്ചുവയസുകാരൻ മകൻ രോഹനും. രണ്ട് വർഷം മുമ്പ് ചികിത്സയ്ക്കായി നാട്ടിലെത്തിയതാണ്. മാതാപിതാക്കൾ കൂലിപ്പണി ചെയ്താണ് ഇപ്പോൾ കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഒ പൊസിറ്റീവ്
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് ഈ മുപ്പതുകാരി. പ്ളസ് ടൂ ആയുർവേദ നഴ്സിംഗ് കോഴ്സ് പൂർത്തിയായ ശേഷമായിരുന്നു വിവാഹം. ഓ പൊസിറ്റീവ് വൃക്കയാണ് വേണ്ടത്. അനുജത്തിയുടേത് അനുയോജ്യമാണ്. പക്ഷേ, പ്രസവാനന്തരം ചികിത്സയിലായതിനാൽ രണ്ടു വർഷത്തേക്ക് അത് പ്രതീക്ഷിക്കാനാവില്ല. വേറെ വൃക്ക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. ശസ്ത്രക്രിയകൾക്ക് വേണ്ട ചെലവാണ് പ്രശ്നം.
സഹായിക്കാം നമുക്കും
ദീപ്തിയുടെ ജീവിതം വഴിമുട്ടുകയാണ്. ചികിത്സിക്കാൻ പണമുണ്ടായിരുന്നെങ്കിൽ ആ കുടുംബത്തിലേക്ക് സന്തോഷമെത്തിയേനെ. മിടുക്കനായ ഏകമകന് അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ആവോളം നുകരാനായേനെ... സന്മനസുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇവർ. മനുഷ്യസ്‌നേഹികൾ കനിഞ്ഞാൽ മാത്രമേ ഇവർക്ക് പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാകൂ. ചെറിയ സഹായങ്ങൾ പോലും കുടുംബത്തിന് പ്രതീക്ഷകളുടെ പച്ചത്തുരുത്താണ്.
ദീപ്തി വിജയകുമാർ. ഫോൺ: Mob: 9562 259 603.
Bank Of India, Kuruppampady Branch.
Alc No:857310110011946, IFSC BKID 0008573