കുറുപ്പംപടി: നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി പിൻവാതിൽ നിയമനം നടത്തിയ ശേഷം ഉദ്യോഗാർഥികളെയും സഹകരാരികളെയും പറ്റിക്കുംവിധം പരീക്ഷ നടത്തിയതിനെതിരെ ബി.ജെ.പി വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. പരീക്ഷ നടക്കുന്ന സമയം തന്നെ ബി.ജെ.പി പ്രവർത്തകർ ഇവിടെ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ ബാങ്ക് പടിക്കൽ പൊലീസ് തടഞ്ഞു. പിന്നീട് നടന്ന ധർണാസമരം ബി.ജെ.പി ജില്ല സെക്രട്ടറി നടരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ. മോഹനൻ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് സജീവൻ, ജില്ല എക്‌സി. അംഗം ഒ.സി. അശോകൻ, അജി തുരുത്തി, അനിൽ കുമാർ, ആനന്ദ് ഓനക്കുട്ടൻ, അരുൺ മേയ്ക്കപ്പാല, പ്രകാശ് പുതുമന തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധക്കാർക്കെതിരെ പിന്നീട് പൊലീസ് കേസെടുത്തു.