കൊച്ചി: ഫിറ്റ്നസിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ കൊച്ചി മെട്രോയും അണിചേർന്നു. രണ്ടാഴ്ച നീളുന്ന പരിപാടിയിൽ മെട്രോയുടെ 600 ജീവനക്കാർ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ഓട്ടം, നടപ്പ്, സൈക്കിളിംഗ് തുടങ്ങിയവയിൽ പങ്കെടുക്കും. അമിതവണ്ണം, അലസത, മാനസിക പിരിമുറക്കം, രോഗങ്ങൾ തുടങ്ങിയവയിൽനിന്ന് രക്ഷനേടുന്നതിനും വ്യായാമത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുകയുമാണ് ലക്ഷ്യം. ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ സൗകര്യമുള്ള സമയത്ത് കായികപരിശീലനങ്ങൾ നടത്താം. മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് ഏകോപിപ്പിക്കുന്നത്. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ ഫൈനൽ ഒക്ടോബർ രണ്ടിന് മുട്ടം ഡിപ്പോയിൽ നടക്കും. ഇതോടനുബന്ധിച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷത്തൈനടീലും ഫൺ റണ്ണും നടക്കും.