കോലഞ്ചേരി: തകാത്തിരിപ്പിന് വിരാമമാകുന്നു. താന്നിമറ്റം തൂക്കുപാലം നിർമ്മാണം ഉടൻ ആരംഭിക്കും. പലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പുനർനിർമ്മിക്കുന്നത്. മഹാപ്രളയത്തിലാണ് പാലം നിലംപൊത്തിയത്. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എ മാരായ വി.പി സജീന്ദ്രനും അനൂപ് ജേക്കബും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൂക്കുപാലം നിർമ്മിക്കാൻ അനുമതി ലഭിച്ചത്.
പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പ് ഇവിടുത്തെ കടത്തു സർവീസ് നിർത്തിയിരുന്നു. എന്നാൽ പാലം തകർന്നതോടെ കടത്തുമില്ലാ പാലമില്ല എന്നുള്ള അവസ്ഥയിലായി. ഇതോടെ എന്തിനും ഏതിനും ഇവിടത്തുകാർ കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആശ്രയിക്കേണ്ട അവസ്ഥയായി.
ഒരു യാത്ര പോകണമെങ്കിൽക്കൂടി തമ്മാനിമറ്റത്തുകാരുടെ മൂന്നും നാലും കിലോമീറ്റർ സഞ്ചരിക്കണം.
2013ലാണ് രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തമ്മാനിമറ്റം കടവിൽ പാലം നിർമ്മിച്ചത്. തൊട്ടടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു.
പുഴയിലൂടെ ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞത്. പാലം നിർമിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് വീണ്ടും സഞ്ചാരയോഗ്യമാക്കി. എന്നാൽ, 2018ലെ മഹാപ്രളയം പാലത്തെ പിഴുതെടുക്കുകയായിരുന്നു. തമ്മാനിമറ്റം കരയിലെ തൂണുകൾ തകർന്നാണ് തൂക്കുപാലം തരിപ്പണമായത്.
2. 197 കോടി രൂപയാണ് പാലം പുനർനിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല എൽ.എസ്.ജി.ഡിക്കാണ്. ഇരു പഞ്ചായത്തിലെയും കാൽനട യാത്രക്കാർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്. 167.75 മീറ്റർ നീളത്തിലാണ് നിർമ്മാണം.തമ്മാനിമറ്റം കടവിലെ ടൂറിസം സാദ്ധ്യതകൾക്കും തൂക്കുപാലം പുനർനിർമ്മിക്കുന്നതിലൂടെ പുത്തൻ പ്രതീക്ഷ നൽകുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ. പറഞ്ഞു.
.