കൊച്ചി: കൊവിഡ് രോഗമുക്തി നേടിയവർക്ക് തുടർ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവായി രണ്ടാഴ്ച കഴിഞ്ഞാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ശ്വാസകോശ പ്രവർത്തന പരിശോധന, നെഞ്ചിന്റെ എക്‌സ് റേ, രക്ത പരിശോധനകൾ, ഇക്കോ പരിശോധന, പൾമനോളജി വിഭാഗം ഡോക്ടറുടെയും ഫിസിഷ്യന്റെയും സേവനം എന്നിവയാണ് ലഭ്യമാകുക. കൊവിഡ് മുക്തരായ ആളുകൾ ഹൃദയം, ശ്വാസകോശം സംബന്ധിച്ച പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, ചുമ, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി വീണ്ടും ആശുപത്രികളിൽ എത്തുന്ന സാഹചര്യമുണ്ടെന്ന് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ പറഞ്ഞു. ഇത്തരം രോഗികളെ സമഗ്ര പരിശോധനകൾക്ക് വിധേയമാക്കുകയും ആവശ്യമെങ്കിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് റഫർ ചെയ്യുകയും ഫിസിയോതെറാപ്പിസ്റ്റിന്റെയും ന്യൂട്രീഷനിസ്റ്റിന്റെയും സേവനം ലഭ്യമാക്കുകയും ചെയ്യും.