ആലുവ: ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിന് മുൻവശം മാലിന്യകാനയിലൂടെ തെളിനീര് ഒഴുകുന്നത് കണ്ട് ആരും അത്ഭുതപ്പെടേണ്ട. കാനക്ക് സൈഡിലൂടെ പോകുന്ന വാട്ടർ അതോറിട്ടിയുടെ ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള ചോർച്ചയാണിത്. കുടിവെള്ളം ഉയർന്ന മർദ്ദത്തിൽ കാനയിലേക്ക് വരുന്നതിനാൽ മലിനജലത്തേക്കാൾ ശക്തമായിട്ടാണ് ഇവിടെ കുടിവെള്ളമൊഴുകുന്നത്. മലിനജലം പോലും ശുദ്ധീകരിക്കുന്ന അവസ്ഥ. പമ്പിംഗ് മുടങ്ങുന്ന ദിവസം കാനയിലെ മലിനജലം പൈപ്പിന്റെ വിള്ളലിലൂടെ തിരികെ പ്രവേശിച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന വെള്ളം മലിനമാകും. പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. നഗരത്തിലെ പല ഷോപ്പിംഗ് കോംപ്ളക്സുകളിലെയും മലിനജലം പൊതുകാനയിലേക്കാണ് പുറന്തള്ളുന്നത്. ഈ സാഹചര്യത്തിൽ രോഗ ഭീഷണി ഏറെയാണ്. ഇതൊന്നും കാര്യമാക്കാതെയാണ് അധികാരികൾ കണ്ണടച്ചിടിരിക്കുന്നത്.
പൈപ്പ് പൊട്ടിയിട്ട് മൂന്ന് മാസം
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ള ചോർച്ചയുണ്ടായത്. ആർക്കും ശല്യമില്ലെങ്കിലും ശുദ്ധജലം പാഴാകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കച്ചവടക്കാർ വാട്ടർ അതോറിട്ടി അധികൃതരെ വിവരമറിയിച്ചിരുന്നു. അവരാരും തിരിഞ്ഞ് നോക്കിയില്ല.
അറ്റകുറ്റപ്പണി പ്രയാസം
ദിവസേന ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. അടുത്തിടെ എസ്.എൻ.ഡി.പി സ്കൂളിന് സമീപം പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടക്കുമ്പോഴും വിവരമറിയിച്ചു. ഇതേതുടർന്ന് കരാറുകാരന്റെ ഒരു ജോലിക്കാരൻ സ്ഥലത്ത് വന്ന് നോക്കി മടങ്ങി. ചോർച്ച ശക്തമായിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി പ്രയാസമാണെന്നാണ് ഇയാൾ പറഞ്ഞത്.കാനയുടെ കരിങ്കല്ലിൽ നിർമ്മിച്ച സംരക്ഷണ ഭിത്തി ഉൾപ്പെടെ പൊളിക്കണം. പൊളിച്ചെങ്കിൽ മാത്രമെ പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്താനാകു. അൽപ്പം നീങ്ങിയാണ് പൊട്ടിയതെങ്കിൽ ഭിത്തി കൂടുതലായി പൊളിക്കണം. തൊട്ടാൽ കെെപൊള്ളുന്ന അവസ്ഥ. അതിനാലാണ് വാട്ടർ അതോറിട്ടിയും തിരിഞ്ഞ് നോക്കാത്തത്.