കോതമംഗലം: മൂന്നാർ, മറയൂർ, മാങ്കുളം, ചിന്നാർ, ഇരവികുളം ഉൾപ്പടെയുള്ള വനമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് ആശ്രയമായി കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
വനപാലകർക്കായി കേരളത്തിൽ ആദ്യമായാണ് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വനാന്തരങ്ങളിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ല. അവർക്ക് കുടുംബത്തോടൊപ്പം ജോലി സ്ഥലത്തിനടുത്ത് താമസ സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം.
രണ്ടു ബ്ലോക്കുകളായി നിർമ്മിച്ച സമുച്ചയത്തിൽ 20 ഫ്‌ളാറ്റുകളാണുള്ളത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് ഫ്‌ളാറ്റ് ജീവനക്കാർക്ക് അലോട്ട് ചെയ്ത് തുടങ്ങും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
തട്ടേക്കാട്: ജനവാസ മേഖലയെ ഒഴിവാക്കും
കുട്ടമ്പുഴ ടൗൺ അടക്കമുള്ള ജനവാസമേഖലയെ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 9 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള ജനവാസ മേഖലയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ നിയന്ത്രണങ്ങൾക്കു കീഴിലുള്ളത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റു വികസനപ്രവർത്തനങ്ങൾക്കും ഇതു തടസമുണ്ടാക്കുന്നുണ്ട്. ഒഴിവാക്കുന്ന മേഖലയ്ക്ക് പകരമായി നേര്യമംഗലം ഭാഗത്തെ വനപ്രദേശം ഏറ്റെടുത്ത് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേർക്കും. ഇതിനാൽ പക്ഷിസങ്കേതത്തിന്റെ വിസ്തൃതിയിലും കുറവുണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രാനുമതി ലഭിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.