കോതമംഗലം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന പ്രധാനപ്രതി അടക്കം മൂന്ന് പേരെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിമറ്റം സ്വദേശി മാങ്കുഴികുന്നേൽ ബിജു എന്ന ആസിഡ് ബിജു (45) ആണ് മോഷണ സംഘത്തിലെ പ്രധാനി. ഇയാളുടെ സഹായികളായ പല്ലാരിമംഗലം പറമ്പക്കാട്ടിൽ ഗോപി (52), തൃശ്ശൂർ അടാട്ട് സ്വദേശി പറമ്പക്കാട്ടിൽ ശശികുമാർ (62) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.
വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങി കിടക്കുന്നവരുടെ ശരീരത്തിലുള്ള ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി മോഷണം നടത്തുന്നയാളാണ് ബിജു. സമീപകാലത്ത് പോത്താനിക്കാട് ,കോതമംഗലം, കുറുപ്പുംപടി, കുന്നത്തുനാട് എന്നീ സ്റ്റേഷൻ അതിർത്തികളിൽ മോഷണം നടത്തിയിരുന്നു. 27 പവനോളം സ്വർണവും വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പോത്താനിക്കാട് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്ഐമാരായ രാജേഷ് കെ കെ ബേബി ജോസഫ് ,എഎസ് ഐ അഷ്റഫ് സലിം തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.