കോലഞ്ചേരി: വിളകൾക്ക് വളമിടേണ്ട സമയത്ത് ജില്ലയിൽ രാസവളം കിട്ടാനില്ല. നെൽക്കൃഷി, വാഴ, ഇഞ്ചി, പൈനാപ്പിൾ തുടങ്ങിയവയ്ക്ക് അത്യാവശ്യമായ യൂറിയയാണ് തീരെ കിട്ടാത്തത്. വളം ഡിപ്പോകളിലൊന്നും യൂറിയ ഇല്ല. നെൽക്കൃഷിക്ക് മേൽവളമിടേണ്ട സമയമാണിപ്പോൾ. സാമ്പത്തികച്ചിലവും കൂടുതലാണ്. കൂടുതലും മൂപ്പ് കുറഞ്ഞ കൃഷിയ്ക്കായി മൂപ്പ് കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിച്ചാണ് നെൽക്കൃഷി ചെയ്യുന്നത്. ആതിര, ഉമ, പവിഴം, ജ്യോതി തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ നാലുമാസം കൊണ്ട് വിളവെടുക്കാൻ പാകമാവും. ഇത്തരം കൃഷിക്ക് 90 ദിവസത്തിനുള്ളിൽ മൂന്ന് ഘട്ട വള പ്രയോഗങ്ങൾ കൃത്യസമയത്ത് നടക്കണം. രണ്ടാംഘട്ട വളപ്രയോഗത്തിന്റെ സമയമാണിപ്പോൾ. എന്നാൽ വളം കിട്ടാതായതോടെ രണ്ടാംഘട്ടം കൃത്യമായി നടന്നിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽപേർ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒപ്പം സർക്കാരിന്റെ തരിശുപാടങ്ങളിൽ കൃഷിയിറക്കുന്ന പദ്ധതിയിലൂടെയും നെൽക്കൃഷിയും വർദ്ധിച്ചിട്ടുണ്ട്. പച്ച പുതച്ച പാടങ്ങളിൽ കൃത്യസമയത്ത് വളപ്രയോഗം നടത്താനായില്ലെങ്കിൽ ഇതുവരെയുള്ള അദ്ധ്വാനം വെറുതെയാകുമെന്ന് കർഷകർ പറയുന്നു. ആവശ്യമായ രീതിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാത്തതാണ് വളം കിട്ടാതെ വരുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്. കമ്പനികളിൽനിന്ന് കൃത്യമായി വളം ഡിപ്പോകളിൽ എത്താത്ത പ്രശ്‌നവുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
യൂറിയ ലഭിക്കുന്നില്ല
യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. യൂറിയ ഒരുതരി പോലും എവിടെയും കിട്ടാനില്ല. വളംഡിപ്പോകളിൽ ആവശ്യത്തിന് വളം എത്താത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. യൂറിയയും പൊട്ടാഷും കിട്ടിയില്ലെങ്കിൽ കൂട്ടുവളം വാങ്ങിയാൽ ആവശ്യമില്ലാത്ത വളങ്ങൾകൂടി അതു വഴി ഉപയോഗിക്കേണ്ടി വരും. വളം വാങ്ങുന്നതിന് പി.ഒ.എസ് സംവിധാനമാക്കിയിരുന്നു. കർഷകർ വിരലടയാളം പതിപ്പിച്ചാൽ മാത്രം വളം ലഭിക്കുന്ന സംവിധാനമാണിത്. ഇതു കൃത്യമായി ഉപയോഗിക്കാത്തതു വഴി പി.ഒ.എസിൽ വളം സ്റ്റോക്ക് കിടക്കുന്നതായി കാണുന്നതാണ് പുതിയ സ്റ്റോക്ക് വരാൻ കാലതാമസമെന്നും പറയുന്നു.