കൊച്ചി: ഈ മാസാദ്യം കരാറുകാർക്ക് അഞ്ചു കോടി നൽകാമെന്ന് പ്രഖ്യാപിച്ച കോർപ്പറേഷൻ വാക്ക് മാറ്റി. തുക രണ്ടര കോടിയിലേക്ക് ചുരുക്കി. ഇതോടെ കുടിശിക തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് മുതൽ സമരം ചെയ്യുന്ന കരാറുകാർ പണിമുടക്ക് തുടരാൻ തീരുമാനിച്ചു. ഓണത്തിന് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകിയ അധികൃതർ നഗരസഭയുടെ വികസനപ്രവർത്തനങ്ങൾക്കായി പണം മുടക്കിയ തങ്ങളെ അവഗണിക്കുന്നുവെന്നാണ് കരാറുകാരുടെ ആരോപണം.
# ഭരണസമിതിയുടെ
പിടിപ്പുകേട്
കരാറുകാർക്ക് പ്രവൃത്തികൾ ചെയ്യണമെങ്കിൽ പണം കിട്ടിയേ തീരൂ. നിർമ്മാണ വസ്തുക്കൾ നൽകുന്നവർക്കും തൊഴിലാളികൾക്കും പണം നൽകാൻ നിവൃത്തിയില്ലാത്തതിനാണ് പ്രവൃത്തികളിൽ നിന്ന് പിൻമാറിയത്. ജനകീയാസൂത്രണ പ്രവൃത്തികൾ ചെയ്ത ബില്ലുകളും മുൻഗണനക്രമം മറികടന്ന് ചിലർക്ക് മാത്രമാണ് നൽകിയത്. 36 മാസത്തെ കുടിശികയായി നൂറു കോടിയാണ് കരാറുകാർക്ക് നൽകാനുള്ളത്. ഒരു മാസത്തെ തുക നൽകാൻ പോലും രണ്ടര കോടി പര്യാപ്തമല്ല.
കെ.എ.ഡേവിഡ്
കോൺട്രാക്ടേഴ്സ്
അസോസിയേഷൻ സെക്രട്ടറി
# സാമ്പത്തികമില്ലെന്ന് കോർപ്പറേഷൻ
കരാറുകാരുടെ പ്രശ്നങ്ങൾ അറിയാമെങ്കിലും തങ്ങൾ നിസഹായരാണെന്ന് അധികൃതർ പറയുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ വരുമാനം കുറഞ്ഞതിനാൽ കൂടുതൽ തുക നൽകാൻ നിർവാഹമില്ല. അഞ്ചു കോടി രൂപ നൽകിയാൽ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞ ദിവസം കരാറുകാരുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കി.
# സർക്കാർ കൈവിട്ടു
കരാറുകാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ഇടക്കാല ആശ്വാസമെന്ന നിലയിൽ 10 കോടി രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്ത് നൽകുന്നതിന് കഴിഞ്ഞ ഡിസംബറിൽ കൗൺസിൽ യോഗം തീരുമാനിച്ചുവെങ്കിലും സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ നടപ്പായില്ല. ഇതോടെയാണ് കരാറുകാർ വീണ്ടും സമരം തുടങ്ങിയത്.
# രണ്ടര കോടി
നൽകും
15ാം ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിച്ച 48 കോടിയിൽ നിന്ന് പ്ളാൻഫണ്ട് പ്രവൃത്തികൾ ചെയ്തതിന്റെ പ്രതിഫലമായി 30 കോടി അടുത്തകാലത്ത് കരാറുകാർക്ക് നൽകിയിരുന്നു. തനത് ഫണ്ടിൽ നിന്നുള്ള പ്രവൃത്തികളുടെ തുകയാണ് ഇനി നൽകാനുള്ളത്. ഇതിൽ 12 കോടിയുടെ കുടിശികയിൽ 4.20 കോടിയും നൽകി. ബാക്കി തുകയും കഴിയുന്നത്ര വേഗത്തിൽ കൊടുക്കാനാണ് ശ്രമം.
കെ.ആർ.പ്രേമകുമാർ
ഡെപ്യൂട്ടി മേയർ