somaraj
പ്രതി സോമരാജ്

വൈപ്പിൻ: പട്ടാപ്പകൽ ബൈക്കിലെത്തി വൃദ്ധയുടെ കഴുത്തിൽനിന്ന് ആറുപവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് അറസ്റ്റിലായി. ഞാറക്കൽ കിഴക്കേ അപ്പങ്ങാട് നെറ്റിത്തറ വീട്ടിൽ ശിവശങ്കരന്റെ മകൻ സോമരാജാണ് (34) പിടിയിലായത്. മാലിപ്പുറം ജനതാറോഡിൽവെച്ച് എളങ്കുന്നപ്പുഴ വരിക്കശേരി ഗോപാലന്റെ ഭാര്യ സരസ്വതിയുടെ (70) മാലയാണ് പൊട്ടിച്ചെടുത്തത്. പതിനൊന്നാം തീയതി ബാങ്കിൽ പോയി വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം. മോഷ്ടാവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയുന്നതിന് കഴിഞ്ഞിരുന്നില്ല. സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചുവെങ്കിലും ബൈക്കിന്റെ നമ്പർ വ്യക്തമല്ലാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടി. എന്നാൽ മോഷ്ടാവിന്റെ ഏകദേശരൂപവും ഉപയോഗിച്ചിരുന്ന ബൈക്കിന്റെ കമ്പനിയും തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലായത്.

ഞാറക്കൽ, തൃപ്പൂണിത്തറ, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിന് അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയുടെ മാല പറിക്കാനുള്ള ശ്രമം നടത്തിയതിന് അരൂർ പൊലീസും കേസെടുത്തിട്ടുണ്ട്. എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേറ്റഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ ഞാറക്കൽ സ്റ്റേഷൻ ഓഫീസർ പി.എസ്. ധർമ്മജിത്ത്, പ്രിൻസിപ്പൽ എസ്.ഐ പി.ജെ. കുര്യാക്കോസ്, എസ്.ഐ ഭഗവൽദാസ്, എ.എസ്.ഐ ഷാഹിർ, സി.പി.ഒമാരായ മിറാഷ്, സരിൻ, ഗിരിജാവല്ലഭൻ, അജിലേഷ് എന്നിവരും ഉണ്ടായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.